df

കൊച്ചി: ഒക്ടോബർ 1 മുതൽ ദുബായിൽ നടക്കുന്ന എക്‌സ്‌പോ 2020യുടെ ഇന്ത്യാ പവലിയനിൽ പങ്കാളിത്തം പ്രഖ്യാപിച്ച് ആഗോള രംഗത്തെ മുൻനിര ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് . ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എഫ്‌.ഐ.സി.സി.ഐ)യുമായാണ് മുഖ്യ സ്‌പോൺസർമാരിലൊരാളായി പങ്കാളിത്ത കരാറിൽ ഒപ്പുവച്ചത്. എഫ്‌.ഐ.സി.സി.ഐ സെക്രട്ടറി ജനറൽ ദിലീപ് ചെനോയ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ് എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. എഫ്‌.ഐ.സി.സി.ഐ അസിസ്​റ്റന്റ് സെക്രട്ടറി ജനറൽ ഡോ. ഗുൻവീന ഛദ്ദ, എഫ്‌.ഐ.സി.സി.ഐ സീനിയർ ഡയറക്ടർ പ്രവീൺ കുമാർ മിത്തൽ, മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ചീഫ് മാർക്ക​റ്റിംഗ് ഓഫീസർ സലീഷ് മാത്യു എന്നിവർ ദുബായിൽ സംഘടിപ്പിച്ച സ്വകാര്യ ചടങ്ങിൽ പങ്കെടുത്തു. മിഡിൽ ഈസ്​റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലകളിൽ നടക്കുന്ന ആദ്യത്തെ ലോക എക്‌സ്‌പോയാണ് ദുബായ് എക്‌സ്‌പോ 2020.

4.38 ചതുരശ്ര കിലോമീ​റ്റർ വിസ്തൃതിയോടെ ദുബായ് സൗത്ത് ഡിസ്ട്രിക്ടിൽ സംഘടിപ്പിക്കുന്ന എക്‌സ്‌പോ 2020, 191 രാജ്യങ്ങളുടെ പവലിയനുകളും നിരവധി സിഗ്‌നേച്ചർ പവലിയനുകളും നിറയുന്ന ഒരു ആഗോള വേദിയാകും. സമ്പന്നമായ ഇന്ത്യൻ ജ്വല്ലറി മേഖലയുടെ കല, സംസ്‌കാരം, പൈതൃകം, പാരമ്പര്യം എന്നിവ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ആഗോള പ്രേക്ഷകർക്ക് മുൻപിൽ ഇവിടെ അവതരിപ്പിക്കും. മാത്രമല്ല, എക്‌സ്‌പോ വേളയിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യ പവലിയനുമായി വിവിധ പ്രൊമോഷനുകൾക്കും, പ്രദർശനങ്ങൾക്കും കൈകോർക്കും. അതിൽ ഏ​റ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ജ്വല്ലറി നിർമ്മാണവും കലയും
അനുഭവിച്ചറിയാനുള്ള പ്രത്യേക മേഖലയും ഒരുക്കും.