ജൊഹാന്നാസ്ബർഗ്: അഴിമതി കേസിൽ മുൻ പ്രസിഡന്റ് ജേക്കബ് സുമയെ 15 മാസം തടവിന് ശിക്ഷിച്ചതിനെ തുടർന്ന് ദക്ഷിണാഫ്രിക്കയിൽ പൊട്ടിപ്പുറപ്പെട്ട കലാപം കൂടുതൽ പ്രദേശങ്ങളിലേക്ക്ക പടരുന്നു. കലാപത്തിൽ രാജ്യത്ത് ഇതിനോടകം 72 പേർ കൊല്ലപ്പെട്ടു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം കവർച്ചയും കൊലയും ദിനംപ്രതി കൂടി വരുന്നതോടെ രാജ്യത്തെ ക്രമസമാധാന നില താറുമാറായിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് സിറിൽ റാമഫോസ പറഞ്ഞു. 27 വർഷത്തിനിടെ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഇത്തരമൊരു കടുത്ത ആഭ്യന്തര സംഘർഷത്തിലേക്ക് നീങ്ങുന്നതെന്ന് പ്രസിഡന്റ് സിറിൽ റാമഫോസ പറഞ്ഞു.
കലാപശ്രമത്തിന് 1,300 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപകാരികൾ കൂട്ടം കൂട്ടമായെത്തി കടകളും, ബാങ്ക്, എ.ടി.എം കേന്ദ്രങ്ങളിലും കവർച്ച നടത്തുന്നതാണ് സർക്കാർ നേരിടുന്ന പ്രധാന വെല്ലുവിളി.കടുത്ത പട്ടിണിയിൽ കഴിയുന്ന രാജ്യത്തെ കൂടുതൽ ജനങ്ങൾ ഇതിനെ അനുകരിച്ച് തെരുവിലിറങ്ങു്ന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. തിങ്കളാഴ്ച മാത്രം 200ലേറെ മാളുകൾ കവർച്ചക്കിരയായി. സുമയുടെ അനുയായികളാണ് അതിക്രമങ്ങൾക്ക് പിന്നിലെന്നാണ് ആരോപണം.
രാജ്യത്ത് കൊവിഡ് വാക്സിനേഷൻ പലയിടത്തും നിറുത്തിവച്ചിരിക്കുകയാണ്. അതിനിടെ, വാക്സിൻ സൂക്ഷിച്ച ഒരു ക്ലിനിക്കിലും കവർച്ച നടന്നു.
നെൽസൺ മണ്ടേലയുടെ നാടായ സൊവേറ്റോയിലും വ്യാപക അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.