കിളിമാനൂർ: കൊവിഡ് കാലത്ത് ആയൂർ മുതൽ കിളിമാനൂർ വരെയുള്ള നൂറിലേറെ നിർദ്ധനർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തതിന്റെ 50 ദിവസം പിന്നിട്ടതിന്റെ ആഘോഷം മഞ്ഞപ്പാറ സൂര്യദേവ മഠം കുമ്പേര ആശ്രമത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. അമൃത ഉദ്ഘാടനം ചെയ്തു.മെമ്പർ ടോം കെ.ജോർജ് അദ്ധ്യക്ഷനായി.സന്നദ്ധ സേവകർക്കുള്ള ഉപഹാരം ചലച്ചിത്രതാരം ശ്രീലത നമ്പൂതിരി സമ്മാനിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ ക്ഷേമകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. ബൈജുവും കാൻസർ രോഗികൾക്കുള്ള സഹായങ്ങൾ പഞ്ചായത്ത് മെമ്പർ അനിതകുമാരി, ബ്ലോക്ക് മെമ്പർ നൗഷാദ് എന്നിവരും വിതരണം ചെയ്തു. അഹമ്മദ്, സ്വപ്‌നക്കൂട് അഗതി മന്ദിരം സെക്രട്ടറി ഹാരീസ്, ശിൽപികളായ ദിലീപ് ജനാർദ്ദനൻ , ബിനു ചന്ദ്രസേനൻ എന്നിവരെ ആദരിച്ചു.സുരേഷ് മഞ്ഞപ്പാറ,ഫാ: ആഷ്ബി, പനച്ചമൂട് ഷാജഹാൻ, അഡ്വ.സിബി, തെക്കൻസ്‌റ്റാർ ബാദുഷ, ആശ്രമം മഠാധിപതി ഡോ: ഷാജി കെ. നായർ, കാര്യദർശി നീ തുഷാജി എന്നിവർ സംബന്ധിച്ചു.