ഒല്ലൂർ: കുട്ടനെല്ലൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറുപേരെ ഒല്ലൂർ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ജൂലായ് 5 ന് കുട്ടനല്ലൂർ കവിത റോഡിൽ പൊന്നമ്പലത്ത് ആഷിക്കിനെയാണ് പ്രതികൾ തലയിൽ വെട്ടിപരിക്കേൽപ്പിച്ചത്. സംഭവശേഷം പ്രതികൾ പ്രതികളിലൊരാളായ ജോസിന്റെ പഴയന്നൂരിലെ വീട്ടിൽ ഒളിച്ച് താമസിക്കുകയായിരുന്നു. കുട്ടനല്ലൂർ കവിതറോഡ് മണ്ണംതാഴത്ത് വീട്ടിൽ സജിൽ (37), സഹോദരൻ സബിൽ (32), മണ്ണത്ത് വീട്ടിൽ അഖിനേഷ് (26), സഹോദരൻ അഭിറാം (22), പടവരാട് കുണ്ടുകുളം ടിന്റൊ (31), ബന്ധു പഴയന്നൂർ സ്വദേശി പുലിക്കോട്ടിൽ ജോസ് (62) എന്നിവരെയാണ് ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. എ.സി.പി കെ.സി സേതു, എസ്.എച്ച്.ഒ ബെന്നി ജേക്കബ്, എസ്.ഐമാരായ ബിപിൻ ബി.നായർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികുടിയത്. പൂർവവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.