തളിപ്പറമ്പ്: യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിനിയായ 24കാരിയുടെ പരാതിയിൽ ഇടുക്കി പഴയരികണ്ടം കുഞ്ഞിക്കുഴിയിലെ വേലിക്കകത്ത് ഹൗസിൽ ഷെയ്സി (28)നെയാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി ദിനേശന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഡയറക്ട് മാർക്കറ്റിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയെ സഹപ്രവർത്തകനായ ഷെയ്സ് കഴിഞ്ഞ മാർച്ച് 21ന് കമ്പനി ക്വാർട്ടേഴ്സിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതിയുടെ പരാതി തൊടുപുഴ പൊലീസ് തളിപ്പറമ്പ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. പരാതിയെ തുടർന്ന് ഒളിവിലായിരുന്നു ഷെയ്സ്. എസ്.ഐ പി.സി സഞ്ജയ് കുമാർ, എ.എസ്.ഐ രതീഷ്, സി.പി.ഒ ജബ്ബാർ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.