തിരുവനന്തപുരം: പൂന്തുറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ബീമാപള്ളി ഷീബാ മൻസിലിൽ മുഹമ്മദ് സിറാജിനെയാണ് (26) പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. ചെവ്വാഴ്ച വൈകിട്ട് നാലിനാണ് സംഭവം. മുട്ടത്തറ സ്വദേശി ഹനീഫിനെ ബീമാ പള്ളിക്ക് മുൻവശത്തുള്ള റോഡിൽവച്ച് പ്രതി തടഞ്ഞു നിറുത്തി മർദ്ദിക്കുകയും കുപ്പി പൊട്ടിച്ച് വയറിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പൂന്തുറ എസ്.എച്ച്.ഒ സജികുമാർ, എസ്.ഐമാരായ ഷിഹാസ്, അഭിലാഷ്, രാഹുൽ, എസ്.സി.പി.ഒ ബിജു, സി.പി.ഒ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പൂന്തുറ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിക്കെതിരെ പൂന്തുറ, വലിയതുറ, തുമ്പ, ചാത്തന്നൂർ, ചടയമംഗലം, ആലുവ ഈസ്റ്റ് എന്നീ സ്റ്റേഷനുകളിൽ മോഷണം, വധശ്രമം, കഞ്ചാവ് വില്പന തുടങ്ങിയ നിരവധി കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.