ടോക്കിയോ : ഒളിമ്പിക്സിന് കേളികൊട്ടുയരാൻ എട്ട് ദിവസം മാത്രം ശേഷിക്കെ വേദിയായ ജപ്പാനിലെ ടോക്കിയോയിൽ കൊവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളിലെ ഏറ്രവും കൂടിയ പ്രതിദിന കൊവിഡ് കേസ് റിപ്പോർട്ടാണ് ഇന്നലെ ടോക്കിയോയിൽ റിപ്പോർട്ട് ചെയ്തത്. 1149 പുതിയ കൊവിഡ് കേസുകളാണ് ഇന്നലെ ടോക്കിയോയിൽ സ്ഥിരീകരിച്ചത്.
ബ്രസീൽ താരങ്ങൾ താമസിക്കുന്ന ഹോട്ടലിൽ കൊവിഡ് റിപ്പോർട്ട് ചെയ്തുവെന്നത് ഞെട്ടിക്കുന്ന വിവരമാണ്. എന്നാൽ ടീം മറ്രുള്ളവരിൽ നിന്ന് മാറി ബയോബബിളിലാണ് എന്നത് ആശ്വാസ്യകരമാണ്.
വാക്സിനെടുത്തവർ ജപ്പാനിൽ 31 ശതമാനം മാത്രമേ ഇതുവരെയുള്ളൂവെന്നതും പ്രതിസന്ധിയാണ്.
ആഗസ്റ്രിൽ 2000വരെ കൊവിഡ് പ്രതിദിന കൊവിഡ് കേസുകൾ ഉയർന്നേക്കാമെന്ന് ക്യോറ്രോ യൂണിവേഴ്സിറ്റി പ്രൊഫസറായ യൂകി പറയുന്നു. ടോക്കിയോയിൽ നിലവിൽ സർക്കാർ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരവേദികൾക്കും ഒളിമ്പിക്സ് വില്ലേജിനും സമീപം ആരാധകർക്കും പുറത്തു നിന്നുള്ള എല്ലാവർക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
മെഡൽദാന ചടങ്ങിൽ വ്യത്യാസം
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ മെഡലുകൾ താരങ്ങളുടെ കഴുത്തിൽ അണിയിക്കില്ലെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബക്ക് അറിയിച്ചു. ഒരു ട്രേയിൽ വച്ച് മെഡൽ വിജയികൾക്ക് നൽകും. അവരത് സ്വയം കഴുത്തിലണിയും. മെഡൽ ദാനച്ചടങ്ങിൽ ഹസ്തദാനമോ ആലിംഗനമോ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിന്ധുവിന് ഇസ്രയേലി എതിരാളി
റിയോ ഒളിമ്പിക്സിൽ വെള്ളിനേടിയ ബാഡ്മിന്റണിലെ ഇന്ത്യൻ പ്രതീക്ഷ പി.വി സിന്ധുവിന് ഇത്തവണ ആദ്യ എതിരാളി ഇസ്രയേലിന്റെ പോളികാർപോവ സെനിയ ആണ്.25നാണ് മത്സരം.