lakshadweep-

കവരത്തി: കടൽതീരത്ത് നിന്ന് 20 മീറ്റർ പരിധിയിലുള്ള വീടുകൾ പൊളിച്ചുമാറ്റണമെന്ന വിവാദ ഉത്തരവ് റദ്ദാക്കി ലക്ഷദ്വീപ് ഭരണകൂടം. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി. കവരത്തിയിലെ 80 ഭൂവുടമകൾക്ക് നൽകിയ നോട്ടീസാണ് റദ്ദാക്കിയത്. നിര്‍മ്മാണങ്ങള്‍ അനധികൃതമാണെന്ന് ആരോപിച്ച് കഴിഞ്ഞ ജൂൺ 25നായിരുന്നു തീരദേശത്ത് താമസിക്കുന്ന വീട്ടുകാർക്ക് നോട്ടീസ് നൽകിയത്.

നോട്ടീസ് റദ്ദാക്കി കൊണ്ട് ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസർ എൻ. ജമാലുദ്ദീനാണ് ഉത്തരവിറക്കിയത്. നോട്ടീസ് ചോദ്യം ചെയ്ത് ദ്വീപ് നിവാസികൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജിയില്‍ നാലാഴ്ച്ചയ്ക്കകം വിശദീകരണം നൽകാൻ ലക്ഷദ്വീപ് ഭരണകൂടത്തോട് നിര്‍ദേശിച്ച കോടതി അതുവരെ നടപടികളൊന്നും സ്വീകരിക്കരുതെന്ന് ഉത്തരവിടുകയും ചെയ്തു. ഇതിനിടയിലാണ് 80 പേർക്ക് നൽകിയ നോട്ടീസ് ദ്വീപ് ഭരണകൂടം റദ്ദാക്കിയിരിക്കുന്നത്.