malik-review

ടേക്ക് ഓഫ്, സി യു സൂൺ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രശംസ നേടിയ മഹേഷ് നാരായൺ-ഫഹദ് ഫാസിൽ കുട്ടുകെട്ടിന്റെ മൂന്നാം ചിത്രമാണ് മാലിക്. തീവ്രവും ഉദ്വേഗം ജനിപ്പിക്കുന്നതുമായ ക്രൈം ഡ്രാമയാണ് സംവിധായകൻ അവതരിപ്പിക്കുന്നത്. കേരളത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് മഹേഷ് ചിത്രം ഒരുക്കിയിരിക്കുന്നത്.

റമദപ്പള്ളി പ്രദേശത്തെ നേതാവാണ് സുലൈമാൻ മാലിക് അല്ലെങ്കിൽ അലി ഇക്ക. നിയമവിരുദ്ധമായ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിച്ച് ഹജ്ജിലേക്ക് പോകാൻ അദ്ദേഹം തീരുമാനിക്കുന്നു, എന്നാൽ വർഷങ്ങൾക്ക് മുമ്പ് ചെയ്ത കുറ്റത്തിന് പൊലീസ് അദ്ദേഹത്തെ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്യുന്നു. ജയിലിലെ മതിലുകൾക്കുള്ളിൽ അദ്ദേഹത്തെ കൊല്ലാൻ പൊലീസുകാർ പദ്ധതിയിടുമ്പോൾ, അത് തടയാൻ ഉള്ള തത്രപ്പാടിലാണ് അയാളുടെ ഭാര്യ റോസെലിൻ.. ഒരു സാധാരണക്കാരനിൽ നിന്ന് റമദ പള്ളിയുടെ ദൈവതുല്ല്യനായ നേതാവിലേക്കുള്ള സുലൈമാൻ മാലിക്കിന്റെ യാത്രയാണ് മാലിക്കിന്റെ ഇതിവൃത്തം.

malik-review

തുടക്കം തന്നെ 12-മിനിറ്റ് ദൈർഘ്യമുള്ള ഒറ്റ ഷോട്ടിലൂടെ ചിത്രം പ്രേക്ഷകനെ കൈയിലെടുക്കുന്നു. മാറിവരുന്ന കഥാപാത്രങ്ങൾ, സന്ദർഭങ്ങൾ, സംഭാഷണങ്ങൾ തുടങ്ങിയവ മികച്ച രീതിയിൽ കുറവുകളേതുമില്ലാതെയാണ് ഒറ്റ ഷോട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. പല കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന സിനിമ സുലൈമാൻ മാലികിന്റെ ബാല്യം മുതൽ വാർദ്ധക്യം വരെ പറഞ്ഞു പോകുന്നുണ്ട്.

സുലൈമാൻ മാലിക് എന്ന കഥാപാത്രത്തിലൂടെ ഫഹദ് ഫാസിൽ വീണ്ടും ത്രസിപ്പിക്കുന്നു. മാലിക്കിന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ തികച്ചും അനായാസമായാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. പ്രായമായ ഭാഗങ്ങളിലെ പ്രകടനം ഇതിൽ എടുത്തുപറയേണ്ടതാണ്. ഓരോ പുതിയ ചിത്രം ഇറങ്ങുമ്പോഴും പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന പതിവ് ഇത്തവണയും ഫഹദ് തെറ്റിച്ചില്ല.

malik-review

റോസ്‌ലിൻ എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിലെ ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളാണ് താനെന്ന് നിമിഷ സജയൻ വീണ്ടും തെളിയിക്കുന്നു. ഡയലോഗ് ഡെലിവറിയിൽ ഉൾപ്പെടെ ഈ മികവ് കാണാം.

വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, ജോജു ജോർജ്, ഇന്ദ്രാൻസ്, സലിം കുമാർ, ജലജ, ദിനേശ് പ്രഭാകർ, പാർവതി കൃഷ്ണ, ദിവ്യ പ്രഭ, സനൽ അമാൻ തുടങ്ങിയ മറ്റു തങ്ങളുടെ ഭാഗങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

malik-review

സമസ്ത മേഖലയിലും മികച്ച് നിൽക്കുന്ന ചിത്രമാണ് 'മാലിക്'. സാങ്കേതിക വശമായാലും കഥപറച്ചിലായാലും മേക്കിംഗായാലും ഒന്നിനൊന്ന് മെച്ചം. ഇങ്ങനെ എല്ലാ തരത്തിലും മഹേഷ് നാരായണൻ എന്ന സംവിധായകന്റെ കരിയർ ഗ്രാഫ് കൂടെ ചിത്രത്തിനോടൊപ്പം ഉയരുകയാണ്. മികച്ച സംഗീതമൊരുക്കിയ സുശിൻ ശ്യാമും ചിത്രത്തിന്റെ മൂഡ് ഉയർത്തുന്നതിൽ നിർണായകമായി. സാനു ജോൺ വർഗീസിന്റെ കാമറയും ഗംഭീരം. നീളമേറിയ ഷോട്ടുകളിലുൾപ്പെടെ മികച്ച ഫ്രെയിമുകളാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്.

തീയേറ്ററിൽ കാണേണ്ടിയിരുന്ന ചിത്രം എന്ന് പ്രേക്ഷകൻ ഒന്നടങ്കം പറയാൻ പോകുന്ന മറ്റൊരു ചിത്രമാകം മാലിക്. കൊവിഡ് കാലം സിനിമാപ്രേമിയിൽ നിന്ന് കവർന്നെടുത്ത മറ്റൊരു തീയേറ്റർ അനുഭവം. എന്നിരുന്നാലും ഒടിടി മുഖേന ലോകമെമ്പാടും ശ്രദ്ധ നേടാൻ ചിത്രത്തിന് കഴിഞ്ഞേക്കും എന്നത് ഒരു വസ്തുതയാണ്. മഹേഷ് നാരായണന്റെയും ഫഹദ് ഫാസിലിന്റെയും ഇതിൽ സംബന്ധിച്ച മറ്റുള്ളവരുടെയും സിനിമാജീവിതത്തിലെ മികച്ച ഒരു നാഴികകല്ലാവും മാലിക് എന്നതിൽ തർക്കമില്ല.