ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനമെന്ന ലേബലോടെയാണ് ടാറ്റയുടെ ഓരോ വാഹനവും നിരത്തിലിറങ്ങുന്നത്. അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന വാഹനമാണ് നെക്സോൺ. 2018ല്‍ ഗ്ലോബൽ NCAP നടത്തിയ ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയാണ് നെക്സോണ്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. പല അപകടങ്ങളെയും അതിജീവിച്ച ഈ വാഹനത്തിൽ യാത്ര ചെയ്യുന്നവർ സുരക്ഷിതരായിരിക്കുമെന്ന് പല സംഭവങ്ങളിലൂടെയും ഇതിനു മുമ്പ് തന്നെ തെളിഞ്ഞിട്ടുള്ളതാണ്. നെക്‌സോണിന്റെ സുരക്ഷയ്ക്ക് തെളിവാകുന്ന പുതിയ ഒരു അപകട സംഭവമാണ് ഇപ്പോള്‍ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ടാറ്റ നെക്‌സോണില്‍ തന്റെ കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ ഉണ്ടായ അപകടവും ടാറ്റയുടെ മിടുക്ക് കൊണ്ട് മാത്രം രക്ഷപ്പെട്ട തന്റെ കുടുംബാംഗങ്ങളെകുറിച്ചും രവിരാജ് സിംഗ് എന്ന വ്യക്തി ടാറ്റ നെക്സോൺ ഓണേഴ്സ് ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിൽ കുറിച്ച കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്.
വീതി കുറഞ്ഞ റോഡിലൂടെ പോകുമ്പോള്‍ തന്റെ വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച ഒരു ബൈക്ക് എതിരെ വന്ന മറ്റൊരു ബൈക്കിനെ ഇടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ കാറിൽ വന്ന് ഇടിക്കുകയായിരുന്നുവെന്ന് രവിരാജ് സിംഗ് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്‍ടമായ നെക്‌സോണ്‍ പാലത്തിനു മുകളില്‍ നിന്ന് താഴെ വയലിലേക്ക് മറിഞ്ഞു. എന്നാല്‍ വാഹനത്തിലുണ്ടായിരുന്ന തനിക്കോ വൃദ്ധരായ തന്റെ മാതാപിതാക്കൾക്കോ മുത്തശ്ശിക്കോ കാര്യമായ പരിക്കുകള്‍ ഒന്നും സംഭവിക്കാതെ രക്ഷപ്പെട്ടെന്നും രവിരാജ് സൂചിപ്പിക്കുന്നു.
എന്നാൽ അപകടം എത്രത്തോളം ഗുരുതരമായിരുന്നുവെന്നോ വാഹനം എത്രതവണ മലക്കം മറിഞ്ഞുവെന്നോ യാത്രക്കാർ സീറ്റബെൽറ്റ് മുതലായ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നുവോ എന്ന് തുടങ്ങിയ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടം നടന്ന സാഹചര്യം കണക്കിലെടുത്താൽ കാർ അമിതവേഗതയിലായിരുന്നുവെന്ന് കണക്കാക്കാം. പുതുതലമുറ നെക്‌സോണിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമാണ് രവിരാജിന്‍റേത്.