india-covid

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 40,000 കടന്നു. 41,806 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 581 പേർ മരണമടഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മരണമടഞ്ഞവരിൽ 50 ശതമാനവും രണ്ട് സംസ്ഥാനങ്ങളിൽ നിന്നാണ്. വിവിധ സംസ്ഥാനങ്ങളിലെ പ്രതിദിന മരണനിരക്കിൽ മുന്നിൽ മഹാരാഷ്‌ട്രയാണ് 170 പേരാണ് ഇവിടെ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രണ്ടാമത് കേരളമാണ് 128.

പ്രതിദിന കൊവിഡ് കണക്കിൽ മുന്നിലും ഈ രണ്ട് സംസ്ഥാനങ്ങളാണ്. ഒന്നാമതുള‌ള കേരളത്തിൽ 15,637 കേസുകളാണ് റിപ്പോ‌ർട്ട് ചെയ്‌തത്. പിന്നിലുള‌ള മഹാരാഷ്‌ട്രയിൽ 8602 പുതിയ കൊവിഡ് രോഗികൾ. ആന്ധ്രാ പ്രദേശിൽ 2591ഉം, തമിഴ്‌നാട്ടിൽ 2458ഉം ഒഡീഷയിൽ 2074 കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്തെ 75 ശതമാനം കൊവിഡ് കേസുകളും ഈ സംസ്ഥാനങ്ങളിലാണ്. കേരളത്തിൽ മാത്രം 37.4 ശതമാനം കേസുകളാണുള‌ളത്.

രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത് 4,11,989 പേരാണ്. 4,32,041 ആക്‌ടീവ് കേസുകളാണ് രാജ്യത്തുള‌ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 34.97 ലക്ഷം ഡോസ് വാക്‌സിനുകൾ നൽകി. 39.13 കോടി ഡോസ് വാക്‌സിനുകളാണ് ഇതുവരെ രാജ്യത്ത് വിതരണം ചെയ്‌തത്. 39,130 പേ‌ർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവ‌ 3.01 കോടിയായി. ഇന്ത്യയിലെ രോഗമുക്തി നിരക്ക് 97.28 ശതമാനമായി.