covid-19

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊവിഡിന്റെ പുതിയ വകഭേദമായ 'ഡെൽറ്റ പ്ലസ്' കണ്ടെത്തിയ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ജനങ്ങളും ഒന്നടങ്കം ആശങ്കയിലായിരുന്നു. കൊവിഡ് വകഭേദമായ "ഡെൽറ്റയുടെ ജനിതകമാറ്റം സംഭവിച്ച ഏറ്റവും പുതിയ വേരിയന്‍റാണ് ''ഡെൽറ്റ പ്ലസ്''.

ഇതുമായി ബന്ധപ്പെട്ട് ആശ്വാസകരമായ ഒരു റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവരുന്നത്. 'ഡെൽറ്റ പ്ലസ്' വകഭേദത്തിന് 'ഡെൽറ്റയെക്കാൾ കൂടുതൽ വ്യാപനശേഷി ഉണ്ടാകാൻ സാദ്ധ്യതയില്ലെന്ന് ഇന്ത്യൻ സാർസ്-കോവ്-2 ജെനോമിക് കൺസോർഷ്യ(ഇൻസാകോഗ്) അറിയിച്ചു. ഇതിന് ഉദാഹണമായി മഹാരാഷ്ട്രയിലെ രത്‌നഗിരി, ജല്ഗാവ്, മദ്ധ്യപ്രദേശിലെ ഭോപ്പാൽ, തമിഴ് നാട്ടിലെ ചെന്നൈ എന്നീ നാല് ക്ലസ്റ്ററുകളിൽ കേസുകളുടെ എണ്ണം വർദ്ധിച്ചതായി സൂചനയില്ലെന്ന് കൺസോർഷ്യം നിരീക്ഷിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയം, ബയോടെക്‌നോളജി വകുപ്പ്, കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്‌ഐആർ ), ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ ) എന്നിവരടങ്ങിയ പാനലാണ് ഇൻസാകോഗ്. ഇതിൽ 28 ലബോറട്ടറികൾ ഉൾപ്പെടുന്നു. SARS COV-2 ലെ ജീനോമിക് വ്യതിയാനങ്ങൾ നിരീക്ഷിക്കുകയാണ് ഈ പാനൽ ചെയ്യുന്നത്.കൊവിഡ് വകഭേദങ്ങളാണ് രാജ്യത്തെ രണ്ടാം തരംഗമുണ്ടായതിന്റെ പ്രധാന കാരണം. കൊവിഡുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉണ്ടായിരുന്ന പ്രധാന ആശങ്ക ഡെൽറ്റയും, അതിന്റെ വകഭേദങ്ങളുമായിരുന്നു.