india

ന്യൂഡൽഹി: ഇംഗ്ളണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ ക്രിക്കറ്റ് താരങ്ങളിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. യു കെയിൽ ഇപ്പോൾ വ്യാപകമായി കണ്ടുവരുന്ന ഡെൽറ്റാ പ്ളസ് വകഭേദമാണ് ഈ കളിക്കാരനെയും ബാധിച്ചിരിക്കുന്നതെന്ന് പരിശോധനയിൽ തെളിഞ്ഞു. 20 ദിവസത്തെ ക്വാറന്റൈനു ശേഷം 23 അംഗ ടീം പരിശീലന മത്സരത്തിൽ പങ്കെടുക്കുന്നതിനു വേണ്ടി ഇന്ന് ഡർഹാമിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു. കൊവിഡ് ബാധിതനായ ടീമംഗത്തെ പരിശീലന മത്സരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇയാൾ ടീമിനൊപ്പം യാത്ര ചെയ്യില്ലെന്ന് ബി സി സി ഐ വൃത്തങ്ങൾ അറിയിച്ചു.

കൊവിഡ് ബാധിച്ചത് ആർക്കാണെന്ന് ബി സി സി ഐ വെളിപ്പെടുത്തിയില്ലെങ്കിലും നിലവിൽ താരത്തിന് ലക്ഷണങ്ങളൊന്നുമില്ലെന്നും ഒരു പരിചയക്കാരന്റെ വീട്ടിൽ ആണെന്നും ബി സി സി ഐ വൃത്തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ഇന്ത്യൻ താരങ്ങൾക്ക് അയച്ച സന്ദേശത്തിൽ ഇംഗ്ളണ്ടിൽ കൊവിഡ് രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേക കരുതൽ വേണമെന്ന് ബി സി സി ഐ സെക്രട്ടറി ജയ് ഷാ കളിക്കാരോട് ആവശ്യപ്പെട്ടിരുന്നു. കൊവിഷീൽഡ് വൈറസിൽ നിന്ന് സംരക്ഷണം മാത്രമേ നൽകുകയുള്ളൂ രോഗം വരില്ലെന്ന് പൂർണമായി പറയാൻ സാധിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. അതിനു തൊട്ടു പിറകേയാണ് ഇന്ത്യൻ താരത്തിന് കൊവിഡ് പിടിപ്പെട്ടുവെന്ന വാർത്ത വരുന്നത്.