ksrtc

കെ.എസ്.ആർ.ടി.സി യിൽ സമയത്ത് പെൻഷൻ ലഭിക്കാതെ നാല്പതിനായിരം കുടുംബങ്ങളിലെ ലക്ഷക്കണക്കിനാളുകൾ ദുരിതക്കയത്തിലാണ്.

മുൻകാലങ്ങളിൽ, പെൻഷൻ സമയത്തു നൽകാതെ നിരവധി പേർ ആത്മഹത്യ ചെയ്തതിനെതിരെ മാദ്ധ്യമങ്ങൾ നിരന്തരം റിപ്പോർട്ട് നൽകിയതിനെ തുടർന്ന് പെൻഷൻ സഹകരണ ബാങ്കുകൾ വഴി നൽകുകയായിരുന്നു. ആ പ്രതിസന്ധിഘട്ടത്തിൽ കേരളകൗമുദി അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് മുഖപ്രസംഗങ്ങൾ എഴുതിയതു നന്ദിയോടെ ഓർക്കുന്നു.

ഫലത്തിൽ പൂർണമായും സർക്കാർ ഫണ്ടിൽ നിന്നും നൽകുന്ന പെൻഷൻ നേരിട്ട് നൽകാതെ ഇടനിലക്കാരായി സഹകരണ ബാങ്കുകളെ നിയോഗിച്ചിരിക്കുകയാണ്. ഇതു കാരണം കാലാവധി കഴിയുമ്പോൾ കരാർ പുതുക്കലും തുടർന്ന് എല്ലാ മാസവും പെൻഷൻ ഫയലുകൾ സെക്രട്ടറിയേറ്റിലെയും കെ.എസ്.ആർ.ടി.സി യിലെയും വിവിധ വകുപ്പുകളിൽ സർക്കുലേറ്റു ചെയ്യേണ്ടിയും വരുന്നതിനാൽ പെൻഷൻ ലഭിക്കേണ്ട സമയത്തിന് ശേഷം ആഴ്ചകൾ കഴിഞ്ഞു മാത്രമാണ് വൃദ്ധരായ പെൻഷൻകാർക്കു ലഭിക്കുക.

കൂടാതെ ഈ തുകയുടെ പലിശയായി പ്രതിമാസം അറുപത് ലക്ഷത്തോളം രൂപ ഖജനാവിൽ നിന്നും നൽകുകയും ചെയ്യുന്നു. നാലുവർഷമായി പലിശയിനത്തിൽ മാത്രം 119 കോടി രൂപ നൽകിയിട്ടുണ്ട്. പൂർണമായും സർക്കാർ ഫണ്ടിൽ നിന്നും നൽകുന്ന തുക നേരിട്ട് നൽകിയാൽ മാസാദ്യം ലഭിക്കേണ്ട പെൻഷൻ കൃത്യസമയത്ത് ലഭിക്കും. സർക്കാരിനു പലിശയിനത്തിൽ നൽകേണ്ടി വരുന്ന അനേകം കോടി രൂപ ലാഭിക്കുകയും ചെയ്യാം. അതിനാൽ ഇപ്പോൾ നടക്കുന്ന അശാസ്ത്രീയവും, പെൻഷൻ കൊണ്ട് മാത്രം ജീവിക്കുന്നവരെ വേദനിപ്പിക്കുന്നതും ഖജനാവിനു നഷ്ടവും വരുത്തുന്നതുമായ നടപടികൾ നിറുത്തിവച്ചു പെൻഷൻ നേരിട്ട് നൽകാൻ മുഖ്യമന്ത്രി തന്നെ ഇടപെടണമെന്നു അപേക്ഷിക്കുന്നു.


കെ.അശോകകുമാർ
ജനറൽ സെക്രട്ടറി ട്രാൻസ്‌പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട്
ഫോൺ- 9495539051