വാഷിംഗ്ടൺ: ചൈനയിലെ ഷിൻജിയാംഗ് പ്രവിശ്യയിൽ നിന്നുള്ള ഇറക്കുമതി പൂർണമായും നിർത്തലാക്കാനുള്ള ബില്ലിന് അമേരിക്കൻ സെനറ്റ് അംഗീകാരം നൽകി. ഉയിഗർ ഫോഴ്സ്ഡ് ലേബർ ആക്ട് അനുസരിച്ച് ഉയിഗർ മുസ്ലീമുകളെ നിർബന്ധിത തൊഴിലുകളിൽ ഏർപ്പെടുത്തുകയോ അവരെ പീഡിപ്പിക്കുകയോ ചെയ്യുന്ന പ്രദേശങ്ങളിൽ നിന്നുമുള്ള സാധനങ്ങളുടെ ഇറക്കുമതി നിരോധിക്കാൻ അമേരിക്കയ്ക്ക് സാധിക്കും. ഷിൻജിയാംഗ് പ്രവിശ്യയിൽ ഉയിഗർ മുസ്ലീമുകളെ നിർബന്ധിത തൊഴിലുകളിൽ ഏർപ്പെടുത്തുകയും അവരെ പീഡിപ്പിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്.
ഉയിഗർ മുസ്ളീമുകളെ പീഡിപ്പിക്കുന്നതായി മതിയായ തെളിവുകൾ ഉണ്ടെങ്കിൽ ആ സ്ഥലത്തിന് അമേരിക്കയിൽ ഇനി മുതൽ ഇറക്കുമതി നിരോധനം ഏർപ്പെടുത്താൻ സാധിക്കും.
അമേരിക്കൻ സെനറ്റിന്റെ അംഗീകാരം ലഭിച്ച സ്ഥിതിക്ക് ഈ ബില്ല് ഇനി ഹൗസ് ഒഫ് റെപ്രസെന്റേറ്റീവ്സിന്റെ അനുമതിക്കായി ലഭിക്കും. അതിനു ശേഷം പ്രസിഡന്റ് ജോ ബൈഡൻ ഒപ്പു വച്ച ശേഷമായിരിക്കും ബില്ല് നിയമമായി മാറുക. എന്നാൽ ഇതിന് കാലതാമസം എടുത്തേക്കാം. ഹൗസ് ഹൗസ് ഒഫ് റെപ്രസെന്റേറ്റീവ്സിന്റെ അനുമതി ഈ ബില്ല് ഇനി എന്ന് ചർച്ചയ്ക്കെടുക്കുമെന്ന് പോലും ഉറപ്പില്ല.
എത്രയും വേഗം ബില്ലിന്മേൽ ഒരു തീരുമാനം ഉണ്ടാക്കാൻ ഹൗസ് ഒഫ് റെപ്രസെന്റേറ്റീവ്സിനോട് ആവശ്യപ്പെടുമെന്ന് ഈ ബില്ല് രൂപീകരിക്കുന്നതിന് മുൻകൈ എടുത്ത് റിപ്പബ്ളിക്കൻ പാർട്ടിയുടെ സെനറ്റർ മാർക്കോ റൂബിയോ, ജെഫേ മെർക്കളെ എന്നിവർ പറഞ്ഞു. ചൈന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മനുഷ്യത്വ രഹിതമായ സമീപനങ്ങൾക്കെതിരെ കണ്ണടയ്ക്കാൻ ഇനി സാധിക്കില്ലെന്ന് മാർക്കോ റൂബിയോ പത്രകുറിപ്പിൽ പറഞ്ഞു.