പ്രിയപ്പെട്ട പെൺകുട്ടീ
എനിക്കു നിന്റെ
നുണക്കുഴി തൊട്ട കവിളത്ത്
ഉമ്മ വയ്ക്കാൻ തോന്നുന്നു.
മകളേ എന്നു വിളിച്ച്
വീട്ടിലേക്ക്
കൂട്ടിക്കൊണ്ടപോരാൻ തോന്നുന്നു.
അവൾ കൗതുകങ്ങളിൽ
കൺ തൊട്ടു നിൽക്കുന്ന
സ്നേഹക്കുറുമ്പി.
ആതുരസേവന സ്വപ്നം
നെഞ്ചേറ്റിയ വിസ്മയമാലാഖ.
വരണമാല്യത്തിനു പകരം
മരണമാല്യമണിയിക്കപ്പെട്ട
ചിത്രശലഭം.
കല്യാണ പന്തലിൽ നിന്ന്
കണ്ണീർക്കയത്തിലേക്ക്
കാലെടുത്തു വയ്ക്കുന്ന
പെൺജീവിതം.
അവളെക്കാൾ വലിയ ധനം
വേറൊന്നുമില്ലെന്ന്
അവനെന്നാണ് തിരിച്ചറിയുക ?
സ്നേഹത്താൽ ചേർത്തു
പിടിക്കാനാവുന്നില്ലെങ്കിൽ
വെറുതെ വിട്ടേക്കുക..
ജീവിച്ചു പൊയ്ക്കോട്ടെ..
നിലാവും കടലും
ഒന്നു കണ്ണു ചിമ്മമ്പോഴേ
മാഞ്ഞു പോവുകയില്ല.
ഇരുമ്പു ചക്രങ്ങൾ പിടിപ്പിച്ച്
തോന്നുന്നിടത്തേക്കു
വളയം തിരിക്കാവുന്നതല്ല
ജീവിതം.
ധനമോഹത്തിന്റെ വഴി വക്കിൽ
തുമ്പക്കുരുന്നു പോലും മുളയ്ക്കില്ല.
പൊന്നും പണവും കൊണ്ട്
രണ്ടു മനുഷ്യരെ എങ്ങനെ
ഒട്ടിച്ചു ചേർത്ത്
ഒന്നാക്കും?
അഗാധ സ്നേഹത്തിന്റെ
വജ്രപ്പശയാലാണ്
രണ്ടു ഹൃദയങ്ങൾ
ഒന്നിച്ചൊറ്റയാകേണ്ടത്
ഇതേവരെ നമ്മൾ
ഉറങ്ങുകയായിരുന്നു
കണ്ണടച്ച് ഇരുട്ടു
നിർമ്മിക്കുകയായിരുന്നു.
ശബ്ദമുയർത്തേണ്ടയിടങ്ങളിൽ
വായപൂട്ടി വെറുതെ
നോക്കി നിൽക്കുകയായിരുന്നു.
അടച്ചു വച്ച കണ്ണുകളെ
തിടുക്കപ്പെട്ട് തുറക്കേണ്ടതുണ്ട്.
രൂപവും വേഷവും മാറ്റുന്ന
പൊയ്മുഖങ്ങളെ
തിരിച്ചറിയേണ്ടതുണ്ട് .
'സ്ത്രീ" എന്ന അഭിമാനത്തിന്റെ
നയനങ്ങൾ ആകാശത്തേക്ക്
തുറന്നു വയ്ക്കേണ്ടതുണ്ട്.
ജീവിച്ചു തുടങ്ങും മുൻപേ
ദുരക്കൈകൾ
മായ്ച്ചു കളഞ്ഞ
പ്രിയപ്പെട്ട പെൺകുട്ടീ..
ചിരി തുടുപ്പിച്ച
നിന്റെ ചിത്രങ്ങളെ ഞാൻ
നോക്കിക്കൊണ്ടിരിക്കുന്നു
നീ സഞ്ചരിക്കേണ്ടിയിരുന്ന ദൂരം
മനസ്സുകൊണ്ടളക്കുന്നു.
ഉള്ളിലും പുറത്തും
നീ ഏറ്റുവാങ്ങിയ
യാതനകളിൽ നെഞ്ചുരുക്കുന്നു.
കണ്ണീരിന്റെ നനവു തൊട്ട
കാറ്റു വീശുന്നു.
അമർത്തി വച്ച
ഒരു തേങ്ങൽ പിടയുന്നു
പൂക്കൾ വിതറിയ
മൺകൂനയ്ക്കു മേൽ
സ്വന്തം പേരെഴുതിയ
ഒരു സ്റ്റെതസ്ക്കോപ്പ്
അനാഥമാകുന്നു.
നക്ഷത്രക്കണ്ണുകളിൽ നിന്നും
ഒഴുകി നുണക്കുഴിയിൽ
തളം കെട്ടിയ നിന്റെ
തിളച്ച കണ്ണുനീരിനോട്
ഞാൻ മാപ്പു ചോദിക്കുന്നു