satheesan

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ വാദത്തിനിടെ മുൻ വാദം തിരുത്തിയ സ‌ർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ.എം മാണി അഴിമതിക്കാരനല്ലെന്നും സർക്കാ‌ർ ബജറ്റ് അവതരണത്തിനെതിരായിരുന്നു അന്ന് പ്രതിഷേധമെന്നുമായിരുന്നു ഇന്ന് സർക്കാർ കോടതിയിൽ വാദിച്ചത്. ഇതിനെ പരിഹസിച്ച വി.ഡി സതീശൻ ജോസ്.കെ മാണി എൽ‌ഡിഎഫിനൊപ്പം വന്നതുകൊണ്ട് മാത്രമാണ് അഴിമതിക്കാരനെന്ന് അന്ന് വിളിച്ചയാളെ ഇന്ന് സർക്കാർ പുണ്യവാളനാക്കിയതെന്ന് അഭിപ്രായപ്പെട്ടു.

ബജറ്റ് കെ.എം മാണിയെക്കൊണ്ട് അവതരിപ്പിക്കരുതെന്നും വേണമെങ്കിൽ ഉമ്മൻചാണ്ടിയെക്കൊണ്ട് അവതരിപ്പിച്ചോളാനുമാണ് അന്ന് ഇടതുപക്ഷം പറഞ്ഞിരുന്നതെന്ന് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വി.ഡി സതീശൻ പറഞ്ഞു. ഉമ്മൻചാണ്ടിയാണ് ബജറ്റ് അവതരിപ്പിക്കുന്നതെങ്കിൽ പ്രതിപക്ഷം പ്രതിഷേധത്തിൽ നിന്ന് പിന്മാറാമെന്ന് അന്ന് ഉമ്മൻചാണ്ടിയെയും അറിയിച്ചിരുന്നതായി സതീശൻ അഭിപ്രായപ്പെട്ടു. സർക്കാരിനെതിരായിരുന്നു പ്രതിഷേധമെങ്കിൽ ഇങ്ങനെ ആവശ്യപ്പെടുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.