കൊല്ലം: കുണ്ടറയിൽ പെരുമ്പുഴയിൽ കിണർ വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ കുടുങ്ങിയ നാലുപേരിൽ മൂന്ന് പേർ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിലാണ്. നാട്ടുകാരായ സോമരാജൻ, വാവ, ബാബു എന്നിവരും തിരിച്ചറിയാത്ത മറ്റൊരാളുമാണ് കിണറ്റിൽ കുടുങ്ങിയിരുന്നത്. അപകടത്തിൽ പെട്ടവരെല്ലാം പ്രദേശവാസികൾ തന്നെയാണെന്നാണ് ലഭ്യമായ വിവരം.
സംഭവത്തെ കുറിച്ച് ലഭിച്ച വിവരം ഇങ്ങനെ. കൊല്ലം സ്വദേശിയായ പ്രവാസിയുടെ പുതിയ വീടിന്റെ നിർമ്മാണ പ്രവർത്തനം നടക്കുകയായിരുന്നു. ഇവിടെ വീടിനോട് ചേർന്നുളള 75 അടി ആഴമുളള കിണർ വൃത്തിയാക്കുന്ന പണികൾ നടക്കുന്നുണ്ടായിരുന്നു. 11 മണിയോടെ ഇതിനായി ആദ്യം രണ്ടുപേർ ഇറങ്ങി. ഇവർക്ക് ഓക്‌സിജൻ ലഭിക്കാതെ അബോധാവസ്ഥയിലായതോടെ ഇവരെ രക്ഷിക്കാൻ മറ്റ് രണ്ടുപേർ ഇറങ്ങി. ഇവരും കിണറിനുളളിൽ കുടുങ്ങുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുണ്ടറയിൽ നിന്ന് പൊലീസും ഫയർഫോഴ്‌സ് അധികൃതരും സ്ഥലത്തെത്തി. ഇവർ അപകടത്തിൽ പെട്ട നാലുപേരെയും പുറത്തെത്തിച്ചു. ഇവരെ ഉടനെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ അപകടത്തിൽ പെട്ട മൂന്ന് പേരും മരണമടയുകയായിരുന്നു. സ്ഥലം എംഎൽഎ പി.സി വിഷ്‌ണുനാഥ്, മുൻമന്ത്രി മേഴ്‌സിക്കുട്ടിയമ്മ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്.