മക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ പേര് നൽകുന്ന ഒരുപാട് മാതാപിതാക്കളുണ്ട്. മിക്കവരും തങ്ങളുടെ അച്ഛന്റെയോ അമ്മയുടെയോ പേരായിരിക്കും മക്കൾക്ക് നൽകുക. ചിലരാകട്ടെ സ്വന്തമാക്കാൻ സാധിക്കാതെ പോയ കാമുകിയുടേയോ കാമുകന്റെയോ പേര് നൽകും.
ഇത്തരത്തിൽ തന്റെ പേരിന് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് യു എസിലെ കെന്റക്കിയിൽ നിന്നുള്ള ക്രിസ്റ്റീന എന്ന യുവതി. ടിക് ടോക് താരമായ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പിതാവ് തനിക്ക് നൽകിയത് അദ്ദേഹത്തിന്റെ രഹസ്യ കാമുകിയുടെ പേരായിരുന്നുവെന്ന് ക്രിസ്റ്റീന പറയുന്നു.
താൻ ജനിക്കുന്നതിന് മുൻപ് തന്നെ പേര് നൽകുന്ന കാര്യത്തിൽ മാതാപിതാക്കൾക്കിടയിൽ ഒരു ധാരണയുണ്ടായിരുന്നുവെന്ന് യുവതി പറയുന്നു. ജനിക്കുന്നത് ആൺകുട്ടിയാണെങ്കിൽ അമ്മ അവരുടെ അച്ഛന്റെ പേര് നൽകുമെന്നും, പെൺകുട്ടിയാണെങ്കിൽ അച്ഛന് ഇഷ്ടമുള്ള പേര് തിരഞ്ഞെടുക്കാം എന്നുമായിരുന്നു ധാരണ.
അങ്ങനെ അച്ഛനാണ് പേര് നൽകിയത്. മാസങ്ങൾക്ക് ശേഷമാണ് ഈ പേര് നൽകിയതിന്റെ കാരണത്തെക്കുറിച്ച് ഏവരും അറിഞ്ഞത്. അച്ഛന് ആ സമയത്ത് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു, അവരുടെ പേരാണ് തനിക്ക് നൽകിയത്. അത് ആ സ്ത്രീയോടുള്ള സ്‌നേഹം കൊണ്ടായിരുന്നില്ല. അബദ്ധവശാൽ അവരുടെ പേര് അച്ഛന്റെ വായിൽ നിന്ന് വീണുപോയാൽ മറ്റുള്ളവർ മകളെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന് തെറ്റിദ്ധരിക്കുമല്ലോ എന്ന് കരുതിയാണ് അദ്ദേഹം ഈ സാഹസത്തിന് മുതിർന്നതെന്നും ക്രിസ്റ്റീന പറഞ്ഞു.