ലാപാസ്: ബൊളീവിയയിലെ രക്ഷിതാക്കൾക്ക് ഇപ്പോൾ മറ്റൊന്നിനും സമയമില്ല. അവർ എപ്പോഴും പഠനത്തിലാണ്. കാര്യങ്ങൾ എങ്ങനെയും പഠിച്ചെടുത്തെങ്കിലേ കുട്ടികളെ നന്നായി പഠിപ്പിക്കാനാവൂ. അതിനുവേണ്ടിയാണ് എല്ലാം ഉപേക്ഷിച്ചുള്ള രക്ഷിതാക്കളുടെ പഠനം.
സ്മാർട്ട്ഫോൺ, ഇൻറർനെറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ചാണ് രക്ഷിതാക്കൾ കുത്തിയിരുന്ന് പഠിക്കുന്നത്. കൊവിഡിനെ തുടർന്ന് സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതാണ് രക്ഷിതാക്കളെ വലച്ചത്. ഗ്രാമീണരായ ഒട്ടുമിക്കവർക്കും ഇൻറർനെറ്റ് എന്താണെന്ന് പോലും അറിയില്ല. മൊബൈൽ ഫോൺ ഉള്ളതുതന്നെ വളരെകുറച്ചുപേർക്ക്. അതുതന്നെ കോളുകൾ ചെയ്യാനും മെസേജ് വായിക്കാനും മാത്രം കഴിയുന്നതും. സ്മാർട്ട്ഫോണുകൾ വാങ്ങാതെയും കാര്യങ്ങൾ പഠിക്കാതെയും ഇരുന്നാൽ മക്കളുടെ കാര്യം കഷ്ടമാകുമെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് പുത്തൻ സാങ്കേതികവിദ്യകൾ പഠിക്കാൻ അവർ തീരുമാനിച്ചത്. പഠിതാക്കളുടെ എണ്ണം കൂടിയതോടെ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണവും കൂടി. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. ഇങ്ങനെ സർട്ടിഫിക്കറ്റ് ലഭിക്കുന്നവരാണ് നാട്ടിലെ ഹീറോകൾ. ഇവർക്ക് സ്വന്തം കുട്ടികളെ പഠിക്കാൻ സഹായിക്കുന്നതിനൊപ്പം ഗ്രാമത്തിലെ മറ്റുള്ളവർക്ക് ഇൻറർനെറ്റ് ഉപയോഗം ഉൾപ്പെടയുള്ള കാര്യങ്ങളെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്യാം.
പഠിത്തം തുടങ്ങിയതോടെ കുടുംബവുമായി ഇടപെടുന്ന സമയത്തിൽ കുറവുവന്നുവെന്നാണ് ചിലരുടെ പരാതി. ഒപ്പം ഉപജീവനമാർഗത്തിലെ ശ്രദ്ധയും കുറഞ്ഞു. കുട്ടികൾക്കുവേണ്ടിയാണെന്ന് ഓർക്കുമ്പോൾ അതൊന്നും സാരമില്ലെന്നാണ് അവർ പറയുന്നത്. സ്മാർട്ട്ഫോണുകൾ ഉൾപ്പടെയുള്ളവ ഉപയോഗിക്കാൻ പഠിച്ചെങ്കിലും ഇൻറർനെറ്റ് പലയിടങ്ങളിലും എത്തിയിട്ടില്ലാത്തതിനാൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രയോജനം ലഭിക്കുന്നില്ല.
ബൊളീവിയയിലെ ടെലികോം അതോറിറ്റിയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ 10 ആളുകളിൽ 4 പേർക്ക് മാത്രമേ ഇൻറർനെറ്റ് സൗകര്യം ലഭിക്കുന്നുള്ളൂ. ദരിദ്രരായ ഗ്രാമപ്രദേശങ്ങളിൽ ഇത് മൂന്നുശതമാനം മാത്രമാണ്.