സാൻഫ്രാൻസിസ്‌കൊ: സാധാരണ നാം സ്മാർട്ട്ഫോണിലൂടെയാണ് വാട്‌സാപ്പ് ഉപയോഗിക്കാറ്. ഡെസ്‌ക് ടോപ്പ് വഴിയോ ലാപ്‌ടോപ്പിലോ വാട്‌സാപ്പ് ഉപയോഗിക്കുന്നത് ഇന്റർനെറ്റ് കണക്ഷനുളള അവയിൽ വാട്‌സാപ്പ് വെബ് വഴിയാണ്. ഫോൺ ഓഫായാൽ അതിന് സാധിക്കുകയുമില്ല. എന്നാലിപ്പോൾ ബാറ്ററി തീർന്നോ മറ്റു കാരണങ്ങളാലോ ഫോൺ ഓഫായാലും സുഖമായി ഡെസ്‌ക് ടോപ്പ് വഴിയോ മറ്റ് വഴിയിലൂടെയോ സുരക്ഷിതമായി വാട്‌സാപ്പ് ഉപയോഗിക്കാനുളള വഴി തെളിഞ്ഞിരിക്കുന്നു.
വാട്‌സാപ്പിന്റെ ഉടമസ്ഥരായ ഫേസ്‌ബുക്ക്, വാട്‌സാപ്പിന് ഒരു പുതിയ ബീറ്റ വേർഷൻ തയ്യാറാക്കി. ഇതുവഴി ഫോൺ അല്ലാത്ത മറ്റ് നാല് ഡിവൈസുകളിൽ കൂടി ഉപഭോക്താക്കൾക്ക് ഫോണിലുപയോഗിക്കുന്ന അതേ സുരക്ഷിതത്വത്തോടെ വാട്‌സാപ്പ് ഉപയോഗിക്കാമെന്ന് കമ്പനി പറയുന്നു. നിലവിൽ ഇത് പരീക്ഷണ ഘട്ടത്തിലാണ്. കൂടുതൽ നിരീക്ഷണങ്ങൾക്ക് ശേഷം ഈ പതിപ്പ് പുറത്തിറക്കാൻ തന്നെയാണ് കമ്പനി തീരുമാനം.
സുരക്ഷയിൽ യാതൊരു വിട്ടുവീഴ്‌ചയും ചെയ്യാതെയാണ് കമ്പനി ഈ പതിപ്പ് തയ്യാറാക്കിയത്. ഇതോടെ ഫോണിനെ ആപ്പിന്റെ ഉറവിടമാക്കാതെ ഉപഭോക്താവിന്റെ ഡാറ്റ സുരക്ഷിതമായി പല ഉപകരണങ്ങളിൽ സൂക്ഷിക്കാൻ സാധിക്കുന്നു. ഒരൊറ്റ തിരിച്ചറിയൽ വഴിയിലൂടെയാണ് വാട്‌സാപ്പ് നിലവിൽ ഉപയോഗിക്കുക. എന്നാൽ ബീറ്റ പതിപ്പിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ നിയന്ത്രണവും സംരക്ഷണവും വാട്‌സാപ്പ് ഉപഭോക്താക്കൾക്ക് നൽകുന്നു.
ക്യു ആർ കോഡ് സ്‌കാൻ ചെയ്‌ത് പുതിയ ഉപകരണങ്ങളുമായി ലിങ്ക് ചെയ്യിക്കുന്നത് തുടരും. എന്നാൽ ഇവ ആവശ്യമെങ്കിൽ ലോഗ് ഔട്ട് ചെയ്യാനുളള സംവിധാനവും ബീറ്റ പതിപ്പിലുണ്ടാകും.