ന്യൂഡൽഹി: തലസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് ആക്കംകൂട്ടുന്ന പാരിപ്പള്ളി- വിഴിഞ്ഞം റിംഗ് റോഡ് നിർമ്മാണത്തിന് തത്വത്തിൽ അംഗീകാരവും കണ്ണൂർ വിമാനത്താവള റോഡ് ദേശീയപാതയാക്കാമെന്ന ഉറപ്പും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നൽകിയെന്ന് അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തിരുവനന്തപുരം- കൊല്ലം അതിർത്തി ജംഗ്ഷനായ പാരിപ്പള്ളിക്ക് അടുത്തുള്ള നാവായിക്കുളം മുതൽ വിഴിഞ്ഞം വരെ 80 കിലോമീറ്റർ ദൈർഘ്യത്തിലാണ് റിംഗ് റോഡ്. 4500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ദേശീയപാത അതോറിട്ടി ഏറ്റെടുക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരം നഗരത്തിന്റെയും വിഴിഞ്ഞം തുറമുഖത്തിന്റെയും വളർച്ചയ്ക്ക് റോഡ് നിർണായകമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കലിന്റെ പകുതി ചെലവ് സംസ്ഥാനം വഹിക്കും. ഉദ്യോഗസ്ഥ തലത്തിൽ തുടർ ചർച്ചകൾ നടക്കും.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ചൊവ്വ-മട്ടന്നൂർ- വിരാജ്‌പേട്ട വഴി മൈസൂർ വരെയുള്ള റോഡിന്റെ കേരളത്തിലെ ഭാഗം ദേശീയ പാതയായി അപ്‌ഗ്രേഡ് ചെയ്യുമെന്നാണ് ഉറപ്പുകിട്ടിയത്.
സംസ്ഥാനത്തെ 11 റോഡുകൾ ഭാരത് മാലാ പദ്ധതിയിൽ ഉൾപ്പെടുത്താനും തീരുമാനമായി. പദ്ധതിയിൽ കേരളത്തിലെ 418 കിലോമീറ്റർ റോഡാണ് വികസിപ്പിക്കുക. സാമ്പത്തിക ഇടനാഴികൾ, വ്യവസായ മേഖലകളെ ദേശീയ പാതകളുമായി ബന്ധിപ്പിക്കുന്ന റൂട്ടുകൾ, അതിർത്തി റോഡുകളും രാജ്യാന്തര റോഡുകളും, തീരദേശ-തുറമുഖ ബന്ധന റോഡുകൾ, പുതിയ എക്‌സ്‌പ്രസ് വേകൾ എന്നിവയാണ് ഭാരത് മാലയിൽ വരുന്നത്.
ഗഡ്കരിയുമായുള്ള ചർച്ചയിൽ ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി.പി.ജോയി, റസിഡന്റ് കമ്മിഷണർ സഞ്ജയ് ഗാർഗ് തുടങ്ങിയവർ പങ്കെടുത്തു.
ഭാരത് മാലയിൽ ഉൾപ്പെടുത്തുന്നവ
1. രാജ്യാന്തര തുറമുഖത്തെ നഗരവുമായി ബന്ധിപ്പിക്കുന്ന വിഴിഞ്ഞം - കരമന-കളിയിക്കാവിള റോഡ് - 26 കി.മീ
2. ആലപ്പുഴ (എൻ.എച്ച് 47) മുതൽ ചങ്ങനാശ്ശേരി വാഴൂർ പതിനാലാം മൈൽ (എൻ.എച്ച് 220) വരെ 50 കി.മീ.
3. കായകുളം (എൻ.എച്ച് 47) മുതൽ തിരുവല്ല ജംഗ്ഷൻ (എൻ.എച്ച് 183) 23 കി.മീ.
4. വിജയപുരത്തിനടുത്ത് (എൻ. എച്ച് 183) മുതൽ ഊന്നുക്കലിനടുത്ത് വരെ (എൻ. എച്ച് 85 ) 45 കി.മീ
5. കൽപ്പറ്റ (എൻ. എച്ച് 766 ) മുതൽ മാനന്തവാടി വരെ 50 കി.മീ.
6. എൻ.എച്ച് 183 എ ദീർഘിപ്പിച്ച് ടൈറ്റാനിയം, ചവറ വരെ (എൻ.എച്ച് 66 ) 17 കി.മീ.
7. എൻ. എച്ച് 183 എയെ പമ്പയുമായി ബന്ധിപ്പിക്കുന്ന പുതിയ ദേശീയ പാത. 21.6 കി.മീ.
8. തിരുവനന്തപുരത്തെ തെൻമലയുമായി ബന്ധിപ്പിക്കുന്ന റോഡ് -72. കി.മീ
9. ഹോസ്ദുർഗ്- കർണാടകയിലെ പനത്തൂർ- മടിക്കേരി വരെ റോഡിൽ കേരളത്തിലെ 57 കി.മീ.
10.വടക്കാഞ്ചേരി-പൊള്ളാച്ചി റോഡ്-40 കി.മീ.
11. കാസർകോട് ചേർക്കല-കർണാടകയിലെ കല്ലിടുക്ക റോഡിൽ കേരളത്തിലെ ഭാഗം- 28 കി.മീ.
70 മീറ്റർ വീതിയിൽ റിംഗ് റോഡ്, ഉപഗ്രഹനഗരം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനും തലസ്ഥാനത്തിന് വ്യാപാര-വാണിജ്യ ഉപഗ്രഹനഗരം നിർമ്മിക്കാനും ലക്ഷ്യമിട്ടുള്ളതാണ് 70മീറ്റർ വീതിയിൽ ആറുവരിയിൽ നിർമ്മിക്കുന്ന വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ്. റോഡിന്റെ 5കിലോമീറ്റർ ഇരുവശത്തുമായി ലോജിസ്റ്റിക് ഹബുകളും ഇക്കണോമിക്കൽ ആൻഡ് കൊമേഴ്സ്യൽ സോണുകളും നിർമ്മിക്കും. ദേശീയപാത-66, നാല് സംസ്ഥാനപാതകൾ, സംസ്ഥാനഹൈവേ എന്നിവയെ ബന്ധിപ്പിക്കുന്നതാണ് 79കി.മി ദൈർഘ്യത്തിലുള്ള റിംഗ് റോഡ്. ഡൽഹിക്ക് ഗുഡ്ഗാവ് എന്നപോലെ, തലസ്ഥാനത്തിന്റെ ഉപഗ്രഹനഗരമാവും ഇതിന്റെ വശങ്ങൾ. അടുത്ത 30 വർഷത്തെ എല്ലാ ആവശ്യങ്ങളും മുന്നിൽക്കണ്ട് ഏറ്റവും മികച്ച ആസൂത്രണത്തോടെയാവും ഉപഗ്രഹനഗരത്തിന്റെ നിർമ്മാണം.
റോഡ് ഇങ്ങനെ
വിഴിഞ്ഞം ബൈപാസ്, വെങ്ങാനൂർ, അതിയന്നൂർ, ബാലരാമപുരം, പള്ളിച്ചൽ, മലയിൻകീഴ്, മാറനല്ലൂർ, കാട്ടാക്കട, വിളപ്പിൽ, അരുവിക്കര, വേങ്കോട്, തേമ്പാമൂട്, പുളിമാത്ത്, നാവായിക്കുളം വഴി പാരിപ്പള്ളിയിൽ പ്രവേശിക്കും. വേങ്കോട് നിന്ന് മംഗലപുരത്തേക്ക് 14 കിലോമീറ്റർ റോഡുണ്ടാക്കും. ആണ്ടൂർക്കോണം, വട്ടപ്പാറ, അരുവിക്കര, ഊരൂട്ടമ്പലം, ബാലരാമപുരം, വിഴിഞ്ഞം ബൈപാസ് എന്നിവിടങ്ങളിൽ മറ്റ് റോഡുകളെ ക്രോസ് ചെയ്യും.