വാഷിംഗ്ടൺ: കൊവിഡ് മഹാമാരി മൂന്നാംതരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്. ഇന്റർനാഷണൽ ഹെൽത്ത് റെഗുലേഷൻസിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഡെൽറ്റ വകഭേദം ലോകത്താകെ പടർന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഡെൽറ്റ ഇതിനോടകം 111 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തു. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു ശക്തമായ തരംഗമായി ഇത് മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ ഇതിനോടകം തന്നെ അത് വ്യാപിച്ച് കഴിഞ്ഞു - ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടുകളെ ഉദ്ധരിച്ച് കൊണ്ട് ടെഡ്രോസ് വ്യക്തമാക്കി.
കൊവിഡിന് ജനിതകമാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുകയാണെന്നും അതിന്റെ ഫലമായി കൂടുതൽ വ്യാപനശേഷിയുള്ള വകേഭദങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ അസമത്വവും ടു ട്രാക്കും
വാക്‌സിനുകളുടെ കാര്യത്തിൽ ആഗോളതലത്തിൽ ഞെട്ടിപ്പിക്കുന്ന അസമത്വമാണ് ഉള്ളത്. അസമത്വത്തിന്റെ ഫലമായി വിവിധ രാജ്യങ്ങൾ വൈറസിനെതിരായ പോരാടുന്നതിന് പ്രത്യേക സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാരണത്താൽ ടു-ട്രാക്ക് മഹാമാരിയുണ്ടാകുന്നു. വാക്‌സിനുകൾ ലഭ്യമായ രാജ്യങ്ങൾക്കുള്ളതാണ് ഒരു ട്രാക്ക്. അവർ നിയന്ത്രണങ്ങള്‍ നീക്കുന്നു. വിപണികള്‍ തുറക്കുന്നു. രണ്ടാമത്തെ ട്രാക്ക് വാക്‌സിൻ ലഭ്യമല്ലാത്തവർക്കുള്ളതാണ്. വൈറസിന്റെ കാരുണ്യത്തിൽ അവർ അവശേഷിക്കുന്നു - ടെഡ്രോസ് പറഞ്ഞു.
വാക്സിനേഷൻ ഫലം ചെയ്യുന്നു
യൂറോപ്പിലും വടക്കന്‍ അമേരിക്കയിലും വാക്സിനേഷൻ വേഗത്തിലായതോടെ ഇവിടങ്ങളിൽ കൊവിഡിന് കുറച്ച് നാളായി ശമനമുണ്ട്. എന്നാൽ, ആഗോളതലത്തിൽ ഇത് നേരെ വിപരീതമാണ്. കേസുകൾ വീണ്ടും ഉയരുന്നു - ഡബ്ലിയു.എച്ച്.ഒ പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ ആറ് മേഖലകളിലൊഴികെ മറ്റെല്ലായിടത്തും കഴിഞ്ഞ നാല് ആഴ്ചകളായി കേസുകൾ വർദ്ധിക്കുകയാണ്. ഡെൽറ്റയാണ് വ്യാപനത്തിന് കാരണമെന്നാണ് ഡബ്ലിയു.എച്ച്.ഒയുടെ വിലയിരുത്തൽ.കൊവിഡിനെ തടയാൻ വാക്സിനേഷൻ പ്രധാനമാണ്. പക്ഷേ അതുകൊണ്ട് മാത്രം പ്രയോജനമില്ല. സമഗ്രമായ റിസ്‌ക് മാനേജ്‌മെന്റ് സമീപനം വേണം - ഡബ്ലിയു.എച്ച്.ഒ വ്യക്തമാക്കി.