sidhu

ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി നേതൃത്വവുമായി ഇടഞ്ഞുനിന്ന നവജ്യോത് സിംഗ് സിദ്ധുവിനെ നിയമിക്കാന്‍ ഹൈക്കമാൻഡ് തീരുമാനം. മുഖ്യമന്ത്രിയായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് തന്നെ തുടരും. ഇതോടെ പാർട്ടിയിൽ ഉടലെടുത്ത പ്രതിസന്ധിക്ക് പരിഹാരാമുണ്ടാകുമെന്നാണ് ദേശീയ നേതാക്കളുടെ വിലയിരുത്തൽ.

സിദ്ധുവിന് കീഴില്‍ രണ്ട് ഉപാദ്ധ്യക്ഷന്മാരേയും നിയമിക്കും. ഹിന്ദു, ദളിത് വിഭാഗങ്ങളില്‍പ്പെട്ടവരായിരിക്കും ഉപാദ്ധ്യക്ഷന്മാരാകുക. പാര്‍ട്ടി തീരുമാനം എന്തായാലും അനുസരിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അടുത്ത വര്‍ഷം പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് മുന്നിട്ടിറങ്ങിയത്. അമരീന്ദര്‍ സിംഗിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്ന് പഞ്ചാബിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞു. സിദ്ധു സംസ്ഥാനത്തെ ഭാവി നേതാവാണെന്നും റാവത്ത് ചൂണ്ടിക്കാട്ടി. ഇതോടെ മാസങ്ങൾ നീണ്ട പാർട്ടിയിലെ ആഭ്യന്തരകലഹത്തിന് പരിഹാരമായെന്നാണ് നേതാക്കൾ വിലയിരുത്തുന്നത്.