ന്യൂഡൽഹി: പാകിസ്ഥാന് ഇന്ത്യയുടെ സൈനിക വിവരങ്ങൾ ചോർത്തിക്കൊടുത്തിരുന്ന രാജസ്ഥാൻ സ്വദേശിയെ ഡൽഹി പൊലീസ് അറസ്‌റ്റ് ചെയ്‌തു. രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയായ ഹബീബ് ഉർ റഹ്‌മാൻ (34) ആണ് അറസ്‌റ്റിലായത്. ഇയാൾ പൊഖ്രാനിലെ സൈനിക കേന്ദ്രത്തിൽ നിന്നും പല പ്രധാന പ്രതിരോധ രേഖകളും പണം കൊടുത്ത് സ്വന്തമാക്കി പാക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയ്‌ക്ക് നൽകിയിരുന്നതായാണ് വിവരം.
ഒരു പച്ചക്കറി വിതരണക്കാരനായി പൊഖ്രാൻ സൈനിക ക്യാമ്പിലുളളവരുമായി ബന്ധം സ്ഥാപിച്ച ഇയാൾ ഒരു സൈനിക ഉദ്യോഗസ്ഥനിൽ നിന്ന് പണം നൽകി സുപ്രധാന വിവരങ്ങൾ വാങ്ങിയിരുന്നു. ഇയാളെക്കുറിച്ച് പൊഖ്രാനിൽ നിന്നും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് പിടികൂടിയത്. ഇയാൾ നിരവധി വർഷങ്ങളായി ഇവിടെ പച്ചക്കറി വിതരണം നടത്തിവരികയായിരുന്നെന്ന് ഡൽഹി സ്പെഷ്യൽ പൊലീസ് കമ്മീഷണർ പ്രവീർ രഞ്ജൻ അറിയിച്ചു.
ചില പ്രതിരോധ സംവിധാനങ്ങളുടെ സ്ഥലവിവരങ്ങളും മറ്റ് പ്രധാന രേഖകളും ഇയാളുടെ പക്കലുണ്ടായിരുന്നു. പരംജീത്ത് എന്ന സൈനികനാണ് ഇയാൾക്ക് വിവരങ്ങൾ നൽകിയതെന്ന് തിരിച്ചറിഞ്ഞു. മുൻപ് പാകിസ്ഥാനിൽ പോയിട്ടുളള ഹബീബ് ഉർ റഹ്‌മാൻ അവിടെ ചില വിഘടനവാദികളുമായി പരിചയമായി. അവർക്ക് വേണ്ടി രഹസ്യങ്ങൾ ചോർത്തുന്നതിന് ഇയാൾക്ക് പണം ലഭിച്ചിരുന്നതായി സമ്മതിച്ചിട്ടുണ്ട്. ഇതിന് പ്രതിഫലമായി ഹവാല മാർഗങ്ങളിലൂടെ ഇയാൾക്ക് പണവും ലഭിച്ചിരുന്നു. കൂടുതൽ കാര്യങ്ങൾക്കായി ഇയാളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഡൽഹി പൊലീസ് അറിയിച്ചു.