ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളി കേസിലെ സർക്കാരിന്‍റെ അപ്പീൽ സുപ്രീംകോടതി വിധി പറയാൻ മാറ്റി. കേസ് പിൻവലിക്കണമെന്ന സർക്കാരിന്‍റെ അപ്പീലിൽ വിശദ വാദം പൂർത്തിയായി. കേസ് പിൻവലിക്കാൻ പ്രോസിക്യൂട്ടർ നൽകിയ അപേക്ഷയേയും കോടതി വിമർശിച്ചു. അപേക്ഷയിലെ വാദങ്ങൾ മനസിലാകുന്നില്ലെന്നും പ്രധാനപ്പെട്ട കോസായതിനാലാണ് വിശദമായി വാദം കേട്ടതെന്നും കോടതി വ്യക്തമാക്കി.
നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കേണ്ടത് സഭയാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ വാദിച്ചപ്പോൾ, ഒരു എം എൽ എ തോക്കെടുത്ത് വന്ന് വെടിവച്ചാൽ സഭയ്ക്കാണോ അവിടെ പരമാധികാരമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു. ഇത് പൊതുതാത്പര്യപ്രകാരമുള്ള ഹർജിയാണെന്ന് സർക്കാർ വാദിച്ചപ്പോൾ, സഭയിലെ വസ്‌തുക്കൾ നശിപ്പിച്ച കേസിൽ എന്ത് പൊതുതാത്പര്യമാണുള്ളതെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢിന്‍റെ മറുചോദ്യം.
ജനാധിപത്യത്തിന്‍റെ ശ്രീകോവിലാണ് നിയമസഭയെന്നും, അതിലെ വസ്‌തുക്കൾ തല്ലിത്തകർക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളതെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു. ജസ്റ്റിസ് ചന്ദ്രചൂഡിനൊപ്പം എം ആർ ഷായും അംഗമായ ബഞ്ചാണ് കേസ് പരിഗണിച്ചത്.
അതേസമയം, കെ എം മാണിക്ക് എതിരായ പരാമർശമെന്ന നിലപാട് സുപ്രീംകോടതിയിൽ സംസ്ഥാനസർക്കാർ തിരുത്തി. സർക്കാരിനെതിരായ പ്രതിഷേധമായിരുന്നു അതെന്നും വനിതാ എം എൽ എമാർക്ക് അടക്കം അന്ന് പരിക്കേറ്റിരുന്നുവെന്നും വനിതാ അംഗങ്ങളെ പുറത്തേക്ക് കൊണ്ടുപോയതിന് ശേഷമാണ് സംഘർഷമുണ്ടായതെന്നും രഞ്ജിത് കുമാർ കോടതിയിൽ പറഞ്ഞു.
ഇതിന് മറുപടിയായി, കോടതിയിൽ ചൂടേറിയ വാദപ്രതിവാദങ്ങളുണ്ടാകാറുണ്ട്. എന്നുവച്ച് കോടതിയിലെ വസ്‌തുക്കൾ തല്ലിത്തകർത്താൽ അതിന് ന്യായീകരണമുണ്ടോയെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.നിങ്ങൾ പ്രതികൾക്ക് വേണ്ടിയല്ല ഹാജരാകുന്നത് എന്നോർക്കണം. കേസ് തള്ളണോ വേണ്ടയോ എന്ന് മാത്രമാണ് ഇവിടെ വാദം നടക്കുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് വാദത്തിന്‍റെ ഒരു ഘട്ടത്തിൽ അഭിഭാഷകനോട് പറഞ്ഞു.