ജോർജിയ: കിടപ്പുമുറിയിലെ മെത്തയ്ക്കടിയിൽ എന്തോ അനങ്ങുന്നതായി തോന്നി പരിശോധിച്ച യുവതി കണ്ടത് 18 പാമ്പുകളെ. അമേരിക്കയിൽ ജോർജിയയിലെ അഗസ്റ്റയിലാണ് സംഭവം. പിടികൂടിയ പാമ്പുകളുടെ ചിത്രങ്ങൾ സഹിതം ത്രിഷ് എന്ന യുവതിയാണ് വിവരങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചത്. മുറിക്കുള്ളിൽ കണ്ട എല്ലാ പാമ്പുകളെയും പിടികൂടിയെങ്കിലും ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണ് ഇപ്പോഴെന്നാണ് ത്രിഷ് പറയുന്നത്.
മെത്തയ്ക്കടിയിലെ അനക്കം കണ്ടാണ് പരിശോധന നടത്തിയത്. മെത്ത മാറ്റിനോക്കിയപ്പോൾ നിറയെ പാമ്പുകൾ. ഒന്ന് തള്ളയും മറ്റെല്ലാം കുഞ്ഞുങ്ങളും. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി ത്രിഷും ഭർത്താവും. പ്രശ്നക്കാരല്ലാത്ത ഇനമാണെന്ന് വ്യക്തമായതോടെ ഓരോന്നിനെയായി പിടികൂടി പ്രത്യേക ബാഗിലാക്കി. തുടർന്ന് വീടുമുഴുവൻ അരിച്ചുപെറുക്കി പരിശോധിച്ചു. പാമ്പുകളെയൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് വന്യജീവി അധികൃതരെ വിവരമറിയിച്ചു. അവർ നടത്തിയ പരിശോധനയിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
സംഭവം നടന്നിട്ട് ദിവസങ്ങളായെങ്കിലും ഇപ്പോഴും വീട്ടിനുള്ളിൽ സമാധാനത്തോടെ ഒരുനിമിഷം പോലും കഴിയാനാവുന്നില്ലെന്നാണ് ത്രിഷ് പറയുന്നത്. ഉറങ്ങാനും ആവുന്നില്ല. വീടിന് സമീപത്ത് കാടുപിടിച്ചുകിടന്ന സ്ഥലം വൃത്തിയാക്കിയിരുന്നു. ഇവിടെ നിന്നാകാം പാമ്പുകൾ വീട്ടിനുള്ളിലെത്തിയതെന്നാണ് ത്രിഷ് സംശയിക്കുന്നത്.