bolsonaro-

ബ്രസീലിയ: പത്ത് ദിവസമായി തുടരുന്ന എക്കിൾ (chronic hiccups) മാറാത്തതിനെ തുടർന്ന് ബ്രസീൽ പ്രസിഡന്റ് ജെയർ ബൊൾസൊനാരോ ആശുപത്രിയിൽ. പല്ല്​ ചികിത്സയുടെ ഭാഗമായി ജൂലായ് മൂന്നിന്​ നടന്ന ശസ്​ത്രക്രിയക്ക്​ പിന്നാലെ ആരംഭിച്ച എക്കിൾ ഇതുവരെയും നിന്നില്ലെന്ന്​ നേരത്തെ അദ്ദേഹം പരസ്യമായി ​പരാതി പറഞ്ഞിരുന്നു. എക്കിൾ മാറാൻ മറ്റ് ചികിത്സകൾ ഫലിക്കാതെ വന്നതോടെയാണ് അദ്ദേഹം സവോപോളോയിലെ വില നോവ സ്റ്റാർ ആശുപത്രിയിൽ എത്തുന്നത്. അടിയന്തരമായി ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് സൂചന. ആശുപത്രിയിൽ​ 66കാരനായ ബൊൾസൊനാരോ ട്യൂബിട്ട്​ കിടക്കുന്ന ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടിരുന്നു. ബൊൾസൊനാരോയും ചിത്രങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. 2018ൽ കുത്തേറ്റ് നിരവധി ശസ്​ത്രക്രിയകൾക്ക്​ ബൊൾസൊനാരോ വിധേയനായിരുന്നു.കൊവിഡ് പ്രതിരോധത്തിലെ ഗുരുതര വീഴ്ചകളും കടുത്ത അഴിമതി ആരോപണവും മൂലം രാജ്യത്ത് ബൊൾസൊനാരോയ്ക്ക് എതിരെ പ്രതിഷേധം ശക്തമാണ്.