rudraksh-convention-centr

ന്യൂഡൽഹി: ലോകോത്തര നിലവാരമുള്ള കൺവെൻഷൻ സെന്റർ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരണാസിയിലെ സിഗ്ര മേഖലയിൽ 2.87 ഹെക്ടർ പ്രദേശത്താണ് രണ്ടു നിലയിൽ രൂപകൽപന ചെയ്ത രുദ്രാക്ഷ് എന്ന കൺവെൻഷൻ സെന്റർ സ്ഥിതിചെയ്യുന്നത്. ശിവലിംഗത്തിന്റെ ആകൃതിയിലാണ് മേൽക്കൂര. ഉള്ളിൽ 108 രുദ്രാക്ഷങ്ങൾ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.

1,200 പേർക്ക് ഇരിക്കാവുന്ന സൗകര്യങ്ങളാണ് രുദ്രാക്ഷിൽ ഒരുക്കിയിരിക്കുന്നത്. രാത്രിയിൽ വർണപ്രഭ ചൊരിയുന്ന തരത്തിൽ എൽഇഡി ലൈറ്റുകൾ കൊണ്ട് കെട്ടിടം ആകർഷകമാക്കിയിട്ടുണ്ട്. വാരാണസിയുടെ കല, സംസ്‌കാരം, സംഗീതം തുടങ്ങിയവയൊക്കെ വെളിവാക്കുന്ന ചുവർ ചിത്രങ്ങളും രുദ്രാക്ഷിന്റെ മാറ്റുകൂട്ടുന്നു.

പൂർണമായും ഹരിതചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് രുദ്രാക്ഷ് പണി പൂർത്തീകരിച്ചിരിക്കുന്നത്. ജപ്പാൻ ഇന്റർനാഷണൽ കോഓപ്പറേഷൻ ഏജൻസിയുടെ സാമ്പത്തിക സഹായത്തോടെയാണ് 200 കോടി ചെലവിൽ രുദ്രാക്ഷിന്റെ നിർമാണം. മികച്ച സുരക്ഷാ സംവിധാനങ്ങളും കെട്ടിടത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

കോൺഫറൻസുകൾ നടത്തുന്നതിനും ടൂറിസത്തിനും അനുയോജ്യമായ ഇടമാക്കി വാരാണസിയെ മാറ്റാൻ രുദ്രാക്ഷിന് കഴിയുമെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. സാമൂഹികസാംസ്‌കാരിക വിനിമയങ്ങൾക്കുള്ള ഒരു ഇടം എന്ന ലക്ഷ്യത്തോടെയാണ് രുദ്രാക്ഷ് നിർമിച്ചിരിക്കുന്നതി. വാരാണസിയുടെ ടൂറിസം സാധ്യതതകൾ വർദ്ധിപ്പിക്കാനും ഇത് വഴിയൊരുക്കും. അന്താരാഷ്ട്ര കോൺഫറൻസുകൾ, പ്രദർശനങ്ങൾ, സംഗീതപരിപാടികൾ തുടങ്ങിയ പരിപാടികൾക്ക് അനുയോജ്യമാണിത്. 120 കാറുകൾ നിർത്തിയിടാനുള്ള സൗകര്യവും ഇവിടെയുണ്ട്.