ചെന്നൈ: ഇരുപത്തിമൂന്നുകാരിയുടെ മൂന്നാമത്തെ കാമുകൻ നൽകിയ വിവരമനുസരിച്ച് അന്വേഷണം നടത്തിയ പൊലീസ് പുറത്തുകൊണ്ടുവന്നത് പത്തുമാസം മുമ്പുനടന്ന ഒരു ക്രൂര കൊലപാതകം. തെളിവുകളൊന്നുമില്ലാത്ത കൊലപാതകം പുറത്തറിഞ്ഞതോടെ അഴിക്കുള്ളിലായത് യുവതിയും ഭർത്താവും പതിനാറുകാരനായ കാമുകനും. കൊല്ലപ്പെട്ടത് യുവതിയുടെ രണ്ടാമത്തെ കാമുകനായ ഇരുപതുകാരനും. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ നടന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്.:
ചിന്നക്കംപാളയം സ്വദേശി രമേശിന്റെ ഭാര്യ ചിത്രയും പതിനാറുകാരനായ കാമുകനും ചേർന്നാണ് കൊലപാതകം നടത്തിയത്. കൊലപാതകം മൂടിവയ്ക്കാനും മൃതദേഹം മറവുചെയ്യാനും സഹായിച്ചതിനാണ് യുവതിയുടെ ഭർത്താവ് രമേശനെ അറസ്റ്റുചെയ്തത്.മണികണ്ഠൻ എന്നയാളാണ് കൊല്ലപ്പെട്ടത്.
രമേശനും ചിത്രയും കൃഷിക്കാരായിരുന്നു. ചിത്രയുടെ ബന്ധുവായ പതിനാറുകാരനും മണികണ്ഠനും ഇവർക്കൊപ്പം ജോലിചെയ്യാനുണ്ടായിരുന്നു. ഇതിനിടെ മണികണ്ഠനുമായും പതിനാറുകാരനുമായും ചിത്ര അടുത്തു. ഇവരുമായി വഴിവിട്ട ബന്ധവും തുടങ്ങി. എന്നാൽ ഇക്കാര്യം പതിനാറുകാരനും മണികണ്ഠനും പരസ്പരം അറിഞ്ഞിരുന്നില്ല. മാസങ്ങളോളം ബന്ധം തുടർന്നു.
എന്നാൽ മൂവരും ചേർന്ന് അടുത്തുള്ള ചന്തയിൽ പോയതോടെ പ്രശ്നങ്ങൾ തുടങ്ങി. ഇവിടെവച്ചാണ് തങ്ങൾ രണ്ടുപേർക്കും ചിത്രയുമായി ബന്ധമുണ്ടെന്ന് അവർ മനസിലാക്കുന്നത്. ഇതോടെ ഇരുവരും തമ്മിൽ അടിപിടിയായി. ചിത്ര ഒരുവിധത്തിൽ രണ്ടുപേരെയും സമാധാനിപ്പിച്ച് വീട്ടിൽ തിരിച്ചെത്തിച്ചു. പക്ഷേ, കാമുകന്മാർക്കിടയിലെ ദേഷ്യം അവസാനിച്ചിരുന്നില്ല. തർക്കം വീണ്ടും തുടങ്ങിയതോടെ മണികണ്ഠൻ പതിനാറുകാരനെ മർദ്ദിച്ചു. ഇതുകണ്ട് പ്രശ്നം ഒത്തുതീർക്കാൻ ചിത്രയുടെ ഭർത്താവ് രമേശൻ എത്തി. എന്നാൽ മണികണ്ഠൻ ഇയാളെ തള്ളിയിട്ട് കഴുത്തുഞെരിച്ചുകൊല്ലാൻ ശ്രമിച്ചു. കാര്യങ്ങൾ കൈവിട്ടുപോകുന്നു എന്ന് മനസിലാക്കിയതോടെ ചിത്രയും പതിനാറുകാരനും ചേർന്ന് മണികണ്ഠനെ ഇരുമ്പുവടികൊണ്ട് തല്ലിച്ചതച്ചു. ഗുരുതരമായി പരിക്കേറ്റ മണികണ്ഠൻ അല്പസമയത്തിനകം മരിച്ചു.
കൊലപാതക വിവരം പുറത്തറിയാതിരിക്കാനായി മൃതദേഹം കൃഷിയിടത്തിൽ മറവുചെയ്യാൻ മൂവരും ചേർന്ന് തീരുമാനിച്ചു. അന്ന് രാത്രി വളരെ രഹസ്യമായി മൃതദേഹം മറവുചെയ്തു. പിറ്റേദിവസം മുതൽ ഭാവ വ്യത്യാസങ്ങളൊന്നുമില്ലാതെ മൂവരും ജോലിതുടർന്നു. കുടുംബവുമായോ കൂട്ടുകാരുമായോ ഒരുബന്ധവുമില്ലാത്തതിനാൽ മണികണ്ഠനെ കാണാതായതുസംബന്ധിച്ച് ആരും പരാതി നൽകിയുമില്ല. അതാേടെ എല്ലാം തേഞ്ഞുമാഞ്ഞുപോയി എന്നുതന്നെ മൂവരും കരുതി.
അങ്ങനെയിരിക്കെയാണ് ചിത്രയുടെ മൂന്നാമത്തെ കാമുകനായ നന്ദകുമാർ എത്തുന്നത്. ഇയാളുമായുളള ബന്ധം തുടരുന്നതിനിടെ ചിത്ര ഗർഭിണിയായി. അതോടെ നന്ദകുമാർ അവഗണിക്കാൻ തുടങ്ങി. ഇത് ചിത്രയ്ക്ക് സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു. ഇതേത്തുടർന്നാണ് ഭീഷണിപ്പെടുത്തി അയാളെ വരുതിയിലാക്കാൻ ചിത്ര ശ്രമിച്ചത്. ഇനിയും അവഗണിക്കാനാണ് ശ്രമമെങ്കിൽ മണികണ്ഠനെ കൊന്നതുപോലെ കൊല്ലും എന്നായിരുന്നു ഭീഷണി. കൊന്നശേഷം മൃതദേഹം മറവുചെയ്തെന്നും ഇതുവരെ ഒരാളും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും ചിത്ര പറഞ്ഞതോടെ അയാൾ ഭയന്നുപോയി.
തന്ത്രത്തിൽ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട നന്ദകുമാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മൂവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ നടന്ന കാര്യങ്ങൾ എല്ലാവം അവർ വിശദമായി പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.