അറുത്ത കൈയ്ക്ക് ഉപ്പ് തേക്കാത്തവർ എന്ന് കേട്ടിട്ടുണ്ടോ? അറുപിശുക്കൻമാരായ ഇക്കൂട്ടർക്ക് ദാനം എന്താണെന്ന് പോലും അറിയില്ല. എങ്ങനെയും പണം മിച്ചം പിടിച്ച് ജീവിക്കണം എന്ന ഒറ്റ ചിന്തയെ ഇക്കൂട്ടർക്കുള്ളു. അത്തരത്തിലൊരാളാണ് 41കാരിയായ ബെക്കി ഗൈൽസ്.
അമേരിക്കയിലെ ഏറ്റവും മിതത്വം പാലിക്കുന്ന അമ്മ എന്നാണ് ബെക്കി ഗൈൽസ് സ്വയം വിശേഷിപ്പിക്കുന്നത്. ഭർത്താവ് ജെയ് (41), മക്കളായ ഏഴുവയകാരൻ ജോർജ്ജ്, നാല് വയസുകാരി കോൾഡൻ എന്നിവർക്കൊപ്പമാണ് ബെക്കി ഗൈൽസ് ജീവിക്കുന്നത്. ആവശ്യം നോക്കാതെ 90 ശതമാനത്തിന് മുകളിൽ ഡിസ്‌കൗണ്ടുള്ള ഏതൊരു വസ്തുവും സൗജന്യമായി ലഭിക്കുന്നതെന്തും ഇവർ സ്വന്തമാക്കും. ചെറുപ്പം മുതൽ മിതത്വം ശീലമാക്കിയിരുന്നതായി ബെക്കി പറയുന്നു. പ്രതിവർഷം 30,000 മുതൽ 35,000 ഡോളർ വരെ പ്രതിഫലം ലഭിച്ചിരുന്ന ജോലി ഉപേക്ഷിച്ചതോടെയാണ് അവർക്ക് കൂടുതൽ സമ്പാദിക്കണം എന്ന ചിന്ത ഉണ്ടായത്.
ആദ്യ മകൻ ജോർജ് ജനിച്ച ശേഷം കുഞ്ഞിനൊപ്പം കൂടുതൽ സമയം ചെലവിടാനാണ് ബെക്കി ജോലി ഉപേക്ഷിച്ചത്. പണം ലാഭിക്കുന്നത് പണം സമ്പാദിക്കുന്നതിന് തുല്യമാണെന്നാണ് ഈ 41കാരിയുടെ കണ്ടെത്തൽ. ജോലി ഉപേക്ഷിച്ചത് മുതൽ പ്രതിവർഷം ലഭിച്ചിരുന്ന ശമ്പളത്തിന്റെ അത്രയും തുക ബെക്കി മിച്ചംപിടിച്ചു. വാഷിംഗ് മെഷീനിൽ തുണികൾ അലക്കുന്നതോടൊപ്പമാണ് ബെക്കി പാത്രങ്ങൾ കഴുകുന്നത്. വസ്ത്രങ്ങളുടെ കൂടെ അലക്കുന്നതിനാൽ പാത്രങ്ങൾക്ക് കേടുപാട് സംഭവിക്കില്ലത്രേ. കാബിനറ്റുകളിലെ തകരാർ പരിഹരിക്കാൻ സൂപ്പർഗ്ലൂവാണ് ഉപയോഗിക്കുന്നത്. ഒരു ചവറ്റുകുട്ടയിൽ കണ്ടെത്തിയ വാൾപേപ്പർ ഉപയോഗിച്ച് വീടിന്റെ ചുവർ മനോഹരമാക്കിയ സംഭവവുമുണ്ട്.
പൈപ്പ് വെള്ളം വാങ്ങുന്ന പണം ലാഭിക്കാൻ മഞ്ഞ് ശേഖരിച്ചുപയോഗിക്കാറുണ്ട്. തന്നെക്കാൾ കൂടുതൽ ഭക്ഷണം കഴിച്ചതിന് ഭർത്താവിൽ നിന്ന് പണം ഈടാക്കിയ ചരിത്രവും ബെക്കിക്ക് മാത്രമുള്ളതാണ്. ഓർഡർ ചെയ്ത നാല് മൊസറെല്ല സ്റ്റിക്കുകളിൽ മൂന്നെണ്ണം കഴിച്ചതിന് ബെക്കി ഭർത്താവിനോട് 75 ശതമാനം തുക നല്കാൻ പറഞ്ഞു. എന്തായാലും ഇപ്പോൾ ഒരു വർഷം ജോലി ചെയ്തു സമ്പാദിക്കുന്ന തുകയേക്കാൾ കൂടുതൽ പണം പിശുക്കി നേടാൻ കഴിയുന്നുണ്ടെന്നാണ് ബെക്കിയുടെ പക്ഷം.