ജൂനിയർ ആൺകുട്ടികളുടെ വിംബിൾഡൺ കിരീടം ഇത്തവണ സ്വന്തമാക്കിയത് ഇന്ത്യൻ വംശജനായ അമേരിക്കൻ താരം സമീർ ബാനർജിയാണ്. ഫൈനലിൽ അമേരിക്കൻ താരം വിക്ടർ ലിലോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത സമീറിന്റെ മാതാപിതാക്കൾ 1980കളിൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ്.ന്യൂജേഴ്സിയിലാണ് ഇപ്പോൾ താമസം.
കഴിഞ്ഞ ആറു വർഷത്തിനിടെ ജൂനിയർ വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ കിരീടം നേടുന്ന ആദ്യ അമേരിക്കൻ താരമാണ് സമീർ. 2015-ൽ കിരീടം നേടിയ റെയ്ല്ലി ഒപെൽക്കയാണ് സമീറിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ അമേരിക്കൻ താരം.
ഗ്രാൻസ്ളാം ടൂർണമെന്റുകളിലെ ജൂനിയർ വിഭാഗങ്ങളിൽ ഇന്ത്യൻ താരങ്ങൾ മുമ്പും കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
1. രാമനാഥൻ കൃഷ്‌ണൻ
ആദ്യമായി ഗ്രാൻസ്ളാം കിരീടത്തിൽ മുത്തമിട്ട ഇന്ത്യക്കാരൻ രാമനാഥൻ കൃഷ്‌ണനാണ്. ഇന്ത്യൻ ടെന്നിസിലെ കുലപതിയായിരുന്ന രാമനാഥൻ കൃഷ്‌ണൻ ഏഴു പതിറ്റാണ്ടുമുൻപ് വിംബിൾഡൺ ജൂനിയർ സിംഗിൾസിലാണ് അന്ന് ചരിത്രം കുറിച്ചത്. 1954 ജൂലൈ മൂന്നിനായിരുന്നു ഇന്ത്യയുടെ ചരിത്രനേട്ടം. ഫൈനലിൽ ഓസ്‌ട്രേലിയയുടെ ആഷ്‌ലി കൂപ്പറെ 6–2, 7–5 എന്ന സ്‌കോറിനാണ് രാമനാഥൻ കൃഷ്‌ണൻ പരാജയപ്പെടുത്തിയത്.
2. രമേശ് കൃഷ്ണൻ
1954ൽ വിംബിൾഡൻ ജൂനിയർ കിരീടം സ്വന്തമാക്കിയ രാമനാഥൻ കൃഷ്‌ണന്റെ നേട്ടം മകൻ രമേശ് കൃഷ്ണൻ 1979ൽ ആവർത്തിച്ചു. ഫ്രഞ്ച് ഓപ്പൺ ജൂനിയറിലും രമേശ് ജേതാവായി.
3. ലിയാൻഡർ പെയ്‌സ്
1990ൽ ലിയാൻഡർ പെയ്‌സ് വിംബിൾഡൺ ജൂനിയർ വിഭാഗത്തിൽ ജേതാവായി. 1991ൽ പെയ്‌സ് യുഎസ് ഓപ്പൺ ജൂനിയർ കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.
4.സാനിയ മിർസ
വിംബിൾഡൻ ജൂനിയർ പെൺകുട്ടികളുടെ ഡബിൾസിൽ 2003ൽ റഷ്യയുടെ അലിസ ക്ലിയനോവയ്ക്കൊപ്പം കിരീടം നേടിയ സാനിയ മിർസ എന്ന പതിനാറുകാരിയും ചരിത്രമെഴുതി. ഏതെങ്കിലുമൊരു ഗ്രാൻസ്ളാം കിരീടത്തിൽ മുത്തമിടുന്ന ആദ്യ ഇന്ത്യക്കാരി എന്ന ബഹുമതിയാണ് അന്ന് സാനിയ സ്വന്തമാക്കിയത്.
5. യുകി ബാംബ്രി
ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ജൂനിയർ കിരീടമണിയുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം ഡൽഹിയിൽ നിന്നുള്ള യുകി ബാംബ്രിയുടെ പേരിലാണ്. 2009ൽ ജർമൻകാരൻ അലക്‌സാൻഡ്രോസ് ഫെർഡിനാന്റോസ് ജോർഗൗഡാസിനെയാണ് യുകി കീഴടക്കിയത്.
6. സുമിത് നാഗൽ
2015ൽ വിംബിൾഡൺ ആൺകുട്ടികളുടെ ഡബിൾസ് നേടിയത് ഹരിയാനക്കാരൻ സുമിത് നാഗലാണ്. വിയറ്റ്നാം താരമായ നാം ഹൊവാങ് ലിക്കൊപ്പമായിരുന്നു സുമിതിന്റെ ജയം.
ടെന്നിസ് ഇതിഹാസം സാക്ഷാൽ റോജർ ഫെഡറർക്കെതിരെ ഒരു സെറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും സുമിത് നാഗൽ സ്വന്തമാക്കിയിട്ടുണ്ട്. 2019 യുഎസ് ഓപ്പൺ ആദ്യ റൗണ്ടിലാണ് നാഗൽ ഫെഡററെ വിറപ്പിച്ചത്.
വിവിധ ഗ്രാൻസ്ളാം ടൂർണമെൻറുകളിലെ ഡബിൾസ്, മിക്‌സഡ് ഡബിൾസ് വിഭാഗങ്ങളിൽ ഇന്ത്യക്കാർ ജേതാക്കളായിട്ടുണ്ട്. ഒരിക്കൽ പോലും ഗ്രാൻസ്ളാം സിംഗിൾസിൽ ഒരു ഇന്ത്യൻ താരത്തിന് കിരീടം നേടാനായിട്ടില്ല.