തിരുവനന്തപുരം : പുത്തിയ അദ്ധ്യയന വർഷം കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുമെന്ന വാക്ക് സർക്കാർ പാലിക്കാത്തതോടെ അദ്ധ്യാപകർ കടന്നുപോകുന്നത് കടുത്ത മാനസിക സംഘർഷത്തിലൂടെ. കൊവിഡ് സാഹചര്യത്തിൽ സ്കൂളുകൾ അടച്ചതോടെയാണ് അദ്ധ്യാപകരെ തദ്ദേശസ്ഥാപനങ്ങളുടെ കീഴിൽ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. എന്നാൽ, സ്‌കൂൾ തുറന്നിട്ടും അദ്ധ്യാപകരുടെ കൊവിഡ് ഡ്യൂട്ടി സർക്കാർ ഒഴിവാക്കിയില്ല.
രാവിലെ മുതൽ വൈകിട്ട് വരെ നീളുന്ന കൊവിഡ് ഡ്യൂട്ടിക്കിടെ കുട്ടികളെ പഠിപ്പിക്കാൻ സമയം കിട്ടാത്ത സ്ഥിതിയിലാണിവർ. കൊവിഡ് രോഗികളുടെ കണക്കെടുക്കുക, കൃത്യമായ ഇടവേളകളിൽ അവരുടെ ക്ഷേമവും ആവശ്യങ്ങളും വിളിച്ച് ചോദിക്കുക, കൗൺസലിംഗ് സഹായങ്ങൾ നൽകുക, പ്രൈമറി ഹെൽത്ത് സെന്ററുകളിലും ആശുപത്രികളിലും ആവശ്യമായ സേവനങ്ങൾ ചെയ്യുക, ശേഖരിച്ച വിവരങ്ങൾ ഗൂഗിൾ ഫോമിൽ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുക തുടങ്ങിയ ജോലികളാണ് അദ്ധ്യാപകർക്ക് ഇപ്പോഴുള്ളത്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് ജോലിസമയം. ചില അദ്ധ്യാപകർക്ക് വീടുകളിൽ നിന്ന് ദൂരെയുള്ള സെന്ററുകളിലാണ് ഡ്യൂട്ടി. ഇതിനിടയിൽ വിദ്യാർത്ഥികളെ പഠിപ്പിക്കണം. വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകൾ കണ്ട്, അതിന്റെ തുടർച്ചയാണ് കുട്ടികൾക്ക് നൽകേണ്ടത്. ഈ ക്ലാസുകൾ കാണാനുള്ള സമയം പോലും കിട്ടുന്നില്ലെന്നാണ് അദ്ധ്യാപകരുടെ പരാതി. കൊവിഡ് ഡ്യൂട്ടി ഇല്ലാത്ത ശനി, ഞായർ ദിവസങ്ങളിലാണ് വിദ്യാർത്ഥികളുമായി ഇവർ അൽപമെങ്കിലും സംവദിക്കുന്നത്. ഇതിനിടയിൽ വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കാനുമാകുന്നില്ല.
അദ്ധ്യാപകരില്ലാത്തത് പൊതുപരീക്ഷ നടക്കുന്ന മുതിർന്ന ക്ലാസിലെ വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുമെന്ന ആശങ്ക രക്ഷിതാക്കൾക്കുമുണ്ട്. അദ്ധ്യാപകരുടെ കൊവിഡ് ഡ്യൂട്ടി ഒഴിവാക്കിനൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മാസങ്ങൾക്ക് മുമ്പേ പ്രഖ്യാപിച്ചിരുന്നു. ഇടയ്ക്ക് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ ജീവനക്കാരെ ആവശ്യമെങ്കിൽ തിരികെ വിളിക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇത് റദ്ദാക്കി. 'ജി സ്യൂട്ട്' പ്ലാറ്റ്ഫോമിലൂടെയുള്ള ക്ലാസുകളുടെ ആരംഭിക്കാനിരിക്കെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം.
ഡിജിറ്റൽ ഉപകരണങ്ങൾ ഉറപ്പാക്കണം
ഓൺലൈൻ പഠനത്തിന് ഡിജിറ്റൽ സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികളെ കണ്ടെത്തി അവ ലഭ്യമാക്കേണ്ട ഉത്തരവാദിത്തവും അദ്ധ്യാപകർക്കാണ്. പഠനോപകരണങ്ങളില്ലാത്ത കുട്ടികൾക്ക് അവ വാങ്ങിനൽകാൻ സ്‌കൂൾ തലത്തിൽ പ്രവർത്തനങ്ങൾ നടത്താനാണ് സർക്കാർ നിർദേശം. പല സ്‌കൂൾ മാനേജ്മെന്റുകളും ഈ ചുമതല അദ്ധ്യാപകരെ ഏൽപ്പിക്കും. ഡിജിറ്റൽ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും അദ്ധ്യാപകരെ സമ്മർദ്ദത്തിലാക്കരുതെന്നും ആവശ്യപ്പെട്ട് അദ്ധ്യാപക സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.