സ്ത്രീധനത്തിന്റെ പേരിലുള്ള ക്രൂരതകൾക്ക് ഇരയായ പെൺകുട്ടികൾ ഇവിടെ അതിദാരുണമായി ജീവിതം അവസാനിപ്പിക്കുന്ന കാഴ്ചയാണ് അടുത്ത കാലത്ത് കേരളത്തെ ഞെട്ടിപ്പിച്ചത്. ആ ദുരന്തങ്ങളിൽ പൊതുസമൂഹത്തിനുണ്ടായ ദുഃഖം അണപൊട്ടിയൊഴുകിയെങ്കിലും പിന്നീടത് ഇരകളുടെ രക്ഷിതാക്കളിൽ മാത്രം ഒതുങ്ങുന്ന സ്വകാര്യ ദുഃഖമായി മാറി .
ഇതിനിടയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ ഞെട്ടിക്കുന്ന സംഭവങ്ങളെ അപലപിച്ചുകൊണ്ട് വളരെ ആവേശത്തോടെ രംഗത്തുവന്നെങ്കിലും പിന്നീടവർ ഇതിനെ അവഗണിച്ചുകൊണ്ട് പുതിയ പുതിയ സംഭവങ്ങൾ തേടിപ്പോയതല്ലാതെ അവരുടെ ഭാഗത്തുനിന്നും ഇതിലേക്ക് യാതൊരു പരിഹാര നിർദേശങ്ങളോ നടപടികളോ ഉണ്ടായില്ലെന്നുള്ളത് സമൂഹം കണ്ടതാണ് .
ഈ സാഹചര്യത്തിൽ ഇതെല്ലാം സസൂഷ്മം വീക്ഷിച്ചിരുന്ന സംസ്ഥാന ഭരണത്തിന്റെ നിർവഹണാധികാരിയായ ഗവർണർ തന്റെ പിതൃഹൃദയത്തിൽ തളംകെട്ടി നിന്ന ദുഃഖം പലതവണ അദേഹത്തിന്റെ പ്രതികരണങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ് ഇപ്പോൾ അതിന്റെ പ്രതിഫലനം പോലെ ഗാന്ധിമാർഗത്തിലൂടെ അദ്ദേഹം ഉപവാസസമരം ചെയ്തുകൊണ്ടാണ് മലയാളികളെ വിസ്മയിപ്പിച്ചത് . രാജ് ഭവനിൽ ഉപവസിച്ച ഗവർണർ പിന്നീട് തൈക്കാട് ഗാന്ധിഭവനിൽ നടന്ന പ്രാർത്ഥനാ സമ്മേളനത്തിലും വികാരാധീനനായി പങ്കുകൊണ്ടു. മലയാളിക്കു വേണ്ടി മലയാളിയല്ലാത്ത ഗവർണർ ചേർന്നത് മഹാത്മാഗാന്ധിയുടെ നിത്യസ്മരണകൾ ജ്വലിക്കുന്ന തലസ്ഥാന നഗരിയിലെ ഗാന്ധിസ്മാരക നിധിയുടെ സാരഥിമാരോടൊപ്പമായിരുന്നു. ഇതിനെ ഒരിക്കലും രാഷ്ട്രീയമായി ചിത്രീകരിക്കാൻ ആർക്കും കഴിയില്ല. നമ്മുടെ നാട്ടിൽ നടക്കുന്ന ഇത്തരം ദുരന്തങ്ങളെ അതിന്റേതായ ഗൗരവത്തോടെ കാണാത്ത രാഷ്ട്രീയ പാർട്ടികൾക്കു മാതൃകയും സമൂഹത്തിനു അമൂല്യമായ ഒരു സന്ദേശവുമാണ് ഗവർണർ ഇതിലൂടെ നൽകിയിരിക്കുന്നത് . ഗവർണറുടെ ഈ സഹന സമര സന്ദേശത്തിനു മുൻപിൽ ശിരസ് താഴ്ത്തി നമിക്കുന്നു.
എം. പ്രഭാകരൻ
ഊരൂട്ടമ്പലം
ഫോൺ : 9400499918