കോഴിക്കോട്: നിയമസഭാ കൈയാങ്കളി കേസ് പിൻവലിക്കാനുള്ള അനുമതിക്കായി സുപ്രീംകോടതിയിലെത്തിയ സംസ്ഥാന സർക്കാർ നാണംകെട്ടുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു ഏകപക്ഷീയമായി കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് എന്ത് അധികാരമാണുള്ളതെന്ന കോടതിയുടെ ചോദ്യം പിണറായി വിജയൻ്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
പ്രതിഷേധമെന്നത് അക്രമമല്ലെന്ന് കോടതിക്ക് സർക്കാരിനെ ഉപദേശിക്കേണ്ടി വന്നു. ഇപ്പോഴത്തെ ചില മന്ത്രിമാർ പ്രോസിക്യൂഷൻ നേരിടേണ്ടി വരുമെന്ന് കോടതി പറഞ്ഞത് കേരളത്തിന് നാണക്കേടായി. നിയമസഭയിലെ അംഗങ്ങളിലാരെങ്കിലും തോക്കുമായി വന്നാലും സഭയുടെ പരമാധികാരം എന്ന പേരുപറഞ്ഞ് സംരക്ഷണം നൽകുമോയെന്ന സുപ്രീംകോടതിയുടെ ചോദ്യം പ്രധാനമാണ്. ക്രിമിനൽ കേസിൽ പ്രോസിക്യൂഷൻ നേരിടാൻ അന്നത്തെ എം.എൽ.എമാർ തയ്യാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു.