മുവാറ്റുപുഴ: പേഴക്കാപ്പിള്ളി സബൈൻ ആശുപത്രിക്ക് സമീപം വാടകവീട്ടിൽ നിന്ന് സ്വർണം കവർന്ന കേസിൽ വയനാട് അമ്പലവയൽ വികാസ് കോളനിയിൽ താന്നിക്കൽ വീട്ടിൽ അബ്ദുൽ ആബിദി (27) നെ മുവാറ്റുപുഴ പൊലീസ് തൊടുപുഴയിൽ നിന്ന് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലാം തീയതി പുലർച്ചെയാണ് കണ്ണൂർ സ്വദേശിയായ ഡോക്ടറും കുടുംബവും താമസിക്കുന്ന വീട്ടിൽ കയറി ഉറങ്ങിക്കിടന്ന കുട്ടികളുടെ കഴുത്തിൽ നിന്ന് മൂന്ന് പവനോളം വരുന്ന രണ്ടു മാല, മൊബൈൽ ഫോൺ എന്നിവ മോഷ്ടിച്ചത്.
വിവിധ കേസുകളിൽ ശിക്ഷ ലഭിച്ച ശേഷം ഈ വർഷം ജനുവരിയിൽ ജയിലിൽ നിന്നിറങ്ങിയ പ്രതി തൊടുപുഴയിലെ വസ്ത്ര വ്യാപാരസ്ഥാപനത്തിൽ സെയിൽസ്മാൻ ആയി ജോലി ചെയ്തു വരികയായിരുന്നു. രാത്രിയിൽ ടർഫിൽ ഫുട്ബോൾ കളിക്കാൻ എന്ന വ്യാജേന പുറത്തിറങ്ങിയാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. സ്ഥിരം മോഷ്ടാവായ പ്രതിക്കെതിരെ വയനാട്, സുൽത്താൻ ബത്തേരി, വൈത്തിരി, അമ്പലവയൽ, കൊണ്ടോട്ടി, കൽപ്പറ്റ, എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനുകളിൽ കവർച്ചയ്ക്ക് കേസുണ്ട്. കാമുകിമാർക്ക് ഗിഫ്റ്റ് വാങ്ങി നൽകുന്നതിലും ആഡംബരജീവിതം നയിക്കുന്നതിനും വേണ്ടിയാണ് പ്രതി മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
പ്രതിയുടെ താമസസ്ഥലത്തു നിന്ന് 15 ആഡംബര മൊബൈൽ ഫോണുകൾ, ലാപ്ടോപ്, ടാബ്ലറ്റ് തുടങ്ങിയവ കണ്ടെടുത്തു. മുവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ സി.ജെ. മാർട്ടിൻ, എസ്.ഐ. വി.കെ. ശശികുമാർ, എ.എസ്.ഐ രാജേഷ് സി.എം, ജയകുമാർ പി.സി, സി.പി. ബിബിൽ മോഹൻ തുടങ്ങിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.