കൊച്ചി: സ്വകാര്യ ആശുപത്രി ജീവനക്കാരായ രണ്ട് ബൈക്ക് യാത്രികർ വൈറ്റിലയിൽ ടാങ്കർ ലോറിക്ക് അടിയിൽപ്പെട്ട് മരിച്ചു. നെട്ടൂർ വി.പി.എസ് ലേക്‌ഷോർ ആശുപത്രി അസിസ്റ്റന്റ് ചേർത്തല പട്ടണക്കാട് പുളിക്കൽ വീട്ടിൽ വർഗീസിന്റെയും റോസ്‌ലിയുടെയും മകൻ വിൻസൻ വർഗീസ് (24), നഴ്സ് തൃശൂർ വെറ്റിലപ്പാറ കിഴക്കനൂടൻ വീട്ടിൽ കെ.എം. ജോഷിയുടെയും ഷീലയുടെയും മകൾ ജീമോൾ കെ. ജോഷി (24) എന്നിവരാണ് മരിച്ചത്. ബാങ്ക് ആവശ്യത്തിനായി എറണാകുളത്ത് പോയി ആശുപത്രിയിലേക്കു മടങ്ങുമ്പോൾ ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു അപകടം.
എറണാകുളം ഭാഗത്തു നിന്ന് ജംഗ്ഷൻ കടന്ന് പാലത്തിനടിയിലൂടെ കുണ്ടന്നൂർ ഭാഗത്തേക്കു പോകാൻ റോഡിലേക്ക് കയറുമ്പോൾ ഫ്ളൈഓവറിലൂടെ അതിവേഗം വന്ന ടാങ്കർലോറിക്കടിയിൽ പെടുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
ലേക്‌ഷോർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അസ്‌ന സെബാസ്റ്റ്യനാണ് വിൻസന്റെ ഭാര്യ. ഒരു വയസുള്ള മകനുണ്ട്. അഞ്ചു വർഷമായി ലേക്‌ഷോർ ആശുപത്രിയിൽ ജീവനക്കാരനാണ്. ജീമോൾ ഒരുവർഷം മുമ്പാണ് ജോലിക്ക് ചേർന്നത്. ഇന്നലെ ജീമോൾക്ക് അവധിയായിരുന്നു. ആധാർ കാർഡിന്റെ കോപ്പി ബാങ്കിൽ നൽകാനാണ് വിൻസനെയും കൂട്ടി പോയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ടാങ്കർ ലോറി ഡ്രൈവർ യു.പി സ്വദേശി ഷജാദിനെ (40) മരട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ റിമാൻഡിലാണ്.
വൈറ്റില ഫ്ളൈഒാവറിൽ നിന്ന് ഇറങ്ങുന്ന രണ്ടു ഭാഗത്തും കുണ്ടന്നൂരിലും അപകടസാദ്ധ്യത ഏറെയാണെന്ന് നേരത്തെതന്നെ ചൂണ്ടിക്കാണിച്ചിരുന്നു.