മാള: പുത്തൻചിറയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. നോർത്ത് പറവൂർ വെടിമറ കമ്പിവേലിക്കകം കോളനിയിൽ കൈപ്പുറം ബിബിൻ ലാലിനെയാണ് (33) ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസിന്റെ നേതൃത്വത്തിൽ മാള ഇൻസ്പെക്ടർ സജിൻ ശശി അറസ്റ്റു ചെയ്തത്. മാള പുത്തൻചിറ സ്വദേശിനിയായ പതിനാലുകാരിയാണ് പീഡനത്തിന് ഇരയായത്. ഒന്നര വർഷമായി കുട്ടിയെ പീഡിപ്പിച്ചു വന്നിരുന്നതായാണ് പരാതി.
പെൺകുട്ടിയുടെ വീടിനടുത്താണ് പ്രതിയുടെ ഭാര്യ വീട്. ഇവിടെ വച്ചാണ് പീഡനം നടന്നത്. ഓൺലൈൻ പഠനമായതിനാൽ പ്രതിയുടെ ഭാര്യ കുട്ടിക്ക് ട്യൂഷൻ എടുത്തിരുന്നു. 2020 ഫെബ്രുവരിയിൽ ഭാര്യ വീട്ടിലില്ലായിരുന്ന ദിവസം ട്യൂഷൻ പഠനത്തിനെത്തിയ കുട്ടിയെ ബെഡ് റൂമിലേക്ക് വിളിച്ചു വരുത്തി മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കാണിച്ചു. എന്നാൽ ഇത് ഇഷ്ടമല്ലെന്നു പറഞ്ഞ കുട്ടിയെ നിർബന്ധിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ കുട്ടിയേയും മാതാപിതാക്കളെയും കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. പിന്നീട് പല തവണ പീഡനം തുടർന്നെങ്കിലും ഭീഷണി കാരണം സംഭവം പുറത്തു പറയാൻ കഴിയാതെ ആത്മഹത്യയുടെ വക്കിലായിരുന്നുവത്ര. ഭാര്യ വീട്ടിലെത്തുമ്പോൾ ആദ്യം കുട്ടിയുമായി അടുത്തിടപഴുകിയിരുന്ന ഇയാൾ കുട്ടിക്ക് ഗെയിം കളിക്കാൻ മൊബൈൽ ഫോൺ കൊടുത്തിരുന്നു. പിന്നീട് മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിച്ച് പ്രലോഭിപ്പിക്കാൻ ശ്രമിച്ചിരുന്നതായും പറയുന്നു.
കുട്ടിയുടെ പെരുമാറ്റത്തിൽ വന്ന മാറ്റവും പഠനത്തിൽ താൽപര്യമില്ലാതാവുന്നതും ശ്രദ്ധയിൽ പെട്ടതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. എ.എസ്.ഐമാരായ ബിജു വാളൂരാൻ, ഒ.എച്ച് ബിജു, സീനിയർ സി.പി.ഒമാരായ പി.എൻ. ഷീബ, മിഥുൻ കൃഷ്ണ, ഇ.എസ്. ജീവൻ, സി.പി. ഒമാർ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.