mohanlal

ലൂസിഫറിന്റെ വമ്പൻ വിജയത്തിന് ശേഷം മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജ്, മീന, കല്യാണി പ്രിയദർശൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. സിനിമയുടെ ചിത്രീകരണം ഹൈദരബാദിൽ ഇന്ന് ആരംഭിച്ചു. കേരളത്തിൽ ചിത്രീകരണത്തിന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് ആശീർവാദ് നിർമ്മിക്കുന്ന ചിത്രം ഹൈദരബാദിലേക്ക് പോയത്.

ചിത്രീകരണത്തിന്റെ ദൃശ്യങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടെങ്കിലും ഏവരും കാത്തിരിക്കുന്നത് മോഹൻലാലിന്റെ കഥാപാത്രത്തെയാണ്. ഏതു ലുക്കിലാകും ലാലേട്ടൻ എത്തുക എന്ന കൗതുകത്തിലാണ് ആരാധകർ. ബ്രോ ആയാണോ അതോ ഡാഡിയായാണോ തങ്ങളുടെ പ്രിയതാരം എത്തുക എന്ന ആകാംക്ഷ ഏവരിലുമുണ്ട്.

ഇപ്പോഴിതാ കാത്തിരിപ്പിന് അർദ്ധവിരാമം നൽകി മോഹൻലാലിന്റെ പുത്തൻ ലുക്ക് എത്തിക്കഴിഞ്ഞു. സുഹൃത്ത് സമിർ ഹംസയാണ് ചിത്രം പുറത്തുവിട്ടത്. എന്നാൽ ഇത് ബ്രോ ഡാഡിയിലെതു തന്നെയാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.