rss-pinarayi

തിരുവനന്തപുരം: മുസ്ലീം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച സ്‌കോളര്‍ഷിപ്പിന്റെ അനുപാതം പുന:ക്രമീകരിക്കാനുള്ള മന്ത്രിസഭായോഗത്തിന്റെ തീരുമാനം ശരിയായ പരിഹാരമല്ലെന്ന് പോപ്പുലര്‍ ഫ്രണ്ട്. സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമായി വിലയിരുത്തിയ സര്‍ക്കാര്‍ നിലപാട് ശരിയല്ല. ഹൈക്കോടതി വിധിയനുസരിച്ച് 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യാ അടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ സ്‌കോളര്‍ഷിപ്പ് അനുവദിക്കുമെന്നാണ് മന്ത്രിസഭാ തീരുമാനം. 80:20 ആനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. എല്ലാ പിന്നാക്ക വിഭാഗങ്ങള്‍ക്കും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കണമെന്ന് തന്നെയാണ് തങ്ങളുടെ നിലപാടെന്നും പോപ്പുലര്‍ ഫ്രണ്ട് വ്യക്തമാക്കി.

മുസ്ലിം പിന്നാക്കാവസ്ഥ സംബന്ധിച്ച് കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ അതു പരിഹരിക്കാന്‍ കൊണ്ടുവന്ന പദ്ധതിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ അട്ടിമറിച്ചിരിക്കുന്നത്. സച്ചാര്‍, പാലോളി കമ്മിറ്റികളുടെ ശുപാര്‍ശയെ തുടര്‍ന്ന് സംസ്ഥാനത്ത് പൂര്‍ണമായും മുസ്ലീം വിഭാഗത്തിനായി അനുവദിച്ച പദ്ധതിയാണ് ഇതെന്ന വസ്തുത മനപ്പൂര്‍വം മറച്ചുവച്ചാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്ലീങ്ങള്‍ക്ക് പ്രത്യേകമായി സ്‌കോളര്‍ഷിപ്പ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ചത്.

അതില്‍ അനാവശ്യ കൈകടത്തലായിരുന്നു 20 ശതമാനം പിന്നാക്ക ക്രൈസ്തവര്‍ക്ക് കൂടി അനുവദിച്ചത്. തുടര്‍ന്ന് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സംഘപരിവാരവും ചില ക്രൈസ്തവ സംഘടനകളും നടത്തിയ അനാവശ്യ പ്രചാരണത്തിലൂടെ 80:20 അനുപാതം ചര്‍ച്ചയാക്കുകയും കോടതി റദ്ദാക്കുകയുമായിരുന്നു. മുസ്ലീങ്ങള്‍ക്ക് മാത്രമുണ്ടായിരുന്ന പദ്ധതിയെ മറ്റുള്ളവര്‍ക്കുകൂടി വീതം വച്ച് അട്ടിമറിക്കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൂട്ടുനില്‍ക്കുന്നത്. സര്‍ക്കാരിന്റെ ഈ സമീപനം ശരിയല്ല.

ഏതെങ്കിലും സമുദായങ്ങള്‍ പിന്നാക്കമാണെങ്കില്‍ പഠനം നടത്തി അതു പരിഹരിക്കാനുള്ള പദ്ധതികള്‍ ആരംഭിക്കുകയാണ് വേണ്ടത്. അല്ലാതെ, മുസ്ലീങ്ങള്‍ക്കായി അനുവദിച്ച പദ്ധതി വെട്ടിമുറിച്ച് മറ്റുള്ളവര്‍ക്ക് വീതം വയ്ക്കുകയല്ല വേണ്ടത്. സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ട് പ്രകാരം മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പുകള്‍ പൂര്‍ണമായും മുസ്ലീം സമുദായത്തിന് അവകാശപ്പെട്ടതാണ്. അത് ലഭ്യമാക്കാനുള്ള നിയമനിര്‍മ്മാണമാണ് സര്‍ക്കാര്‍ നടത്തേണ്ടതെന്നും പോപ്പുലർ ഫ്രണ്ട് പറയുന്നു.