റോജർ ഫെഡററോ റാഫേൽ നദാലോ എന്ന് ചോദിച്ചിരുന്ന ടെന്നിസ് ആരാധകർക്കിടയിലേക്ക് ബഹളങ്ങളൊന്നുമില്ലാതെയായിരുന്നു നൊവാക്ക് ജോക്കോവിച്ച് എന്ന സെർബിയക്കാരന്റെ വരവ്. റോജർക്കും റാഫയ്ക്കും നഷ്ടമാകുന്ന കിരീടങ്ങൾക്ക് കച്ചമുറുക്കുന്ന രണ്ടാം നിരയിൽ നിന്ന് ഇരുവർക്കുമൊപ്പം കസേര വലിച്ചിട്ടിരിക്കുന്ന വലിപ്പത്തിലേക്കുള്ള നൊവാക്കിന്റെ വളർച്ചയും അമ്പരപ്പിക്കുന്നതായിരുന്നു. ബോറിസ് ബെക്കർക്കും ആന്ദ്രേ അഗാസിക്കും പീറ്റ് സാംപ്രസിനുമാെക്കെ പിന്നാലെ ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുരുഷ ടെന്നീസ് ലോകം അടക്കിവാഴാനായി ഉദയം ചെയ്ത പ്രതിഭാദ്വന്ദ്വങ്ങളായിരുന്നു റോജർ ഫെഡററും റാഫേൽ നദാലും. എത്രയോ വർഷങ്ങൾ ഇരുവരെയും കേന്ദ്രീകരിച്ച് ചുറ്റിപ്പടർന്നുവളർന്നു. കളിയഴകിന്റെ മാന്ത്രികതയുമായി റോജർ ഫെഡററും കരുത്തിന്റെ ഹുങ്കാരങ്ങളുമായി നദാലും അടക്കിവാണ ഇടത്തേക്കാണ് നൊവാക്ക് ജോക്കോവിച്ചെന്ന ആറടി രണ്ടിഞ്ചുകാരൻ കയറിവന്നത്.
മഹാമേരുക്കളുടെ കൊമ്പുകോർക്കലുകൾക്ക് ഇടയിലൂടെ തന്റേതായ സ്ഥാനമുണ്ടാക്കുകയെന്നതായിരുന്നു ജോക്കർ എന്ന വിളിപ്പേരിലറിയപ്പെട്ട ആ സെർബിയക്കാരന്റെ വെല്ലുവിളി. വിംബിൾഡണിലും ആസ്ട്രേലിയൻ ഓപ്പണിലും യു.എസ്.ഓപ്പണിലും ഫെഡറർ വീറുകാട്ടിയപ്പോൾ ഫ്രഞ്ച് ഓപ്പണിലെ മുടിചൂടാമന്നനായി നദാൽ.
തുടർച്ചയായി 11 ഗ്രാൻസ്ളാം ടൂർണമെന്റുകളിൽ ഫെഡററും നദാലും മാറിമാറി കിരീടമുയർത്തിയപ്പോഴാണ് 2008ലെ ആസ്ട്രേലിയൻ ഓപ്പണിലൂടെ ആ തുടർച്ചയ്ക്കൊരു ഇടർച്ചയുണ്ടാക്കി നദാലിന്റെ കിരീടവരവ് ആരംഭിച്ചത്.കോർട്ടുകളിലൂടെ കാലം കടന്നൊഴുകുമ്പോൾ റോജർ ഫെഡറർക്കും റാഫേൽ നദാലിനും ഒപ്പം ചേർത്തുവയ്ക്കാൻ കഴിയുന്ന പേരായി നൊവാക്ക് ജോക്കോവിച്ച് മാറിയിരിക്കുന്നു.ഗ്രാൻസ്ളാം കിരീടങ്ങളുടെ എണ്ണത്തിൽ ഫെഡറർക്കും റാഫയ്ക്കും ഒപ്പമാണ് ഇന്ന് നൊവാക്കിന്റെ സ്ഥാനം.20 കിരീടങ്ങൾ വീതം മൂവർക്കും. ഈ വിംബിൾഡണിലാണ് നൊവാക്ക് ഇതിഹാസതാരങ്ങൾക്ക് ഒപ്പമെത്തിയത്.
വിംബിൾഡൺ ഫൈനലിൽ ഇറ്റലിയുടെ മാറ്റിയോ ബെരെറ്റിനിയെ തോൽപ്പിച്ചാണ് ജോക്കോവിച്ച് വിംബിൾഡണ് കിരീടത്തിൽ ആറാം തവണയും മുത്തമിട്ടത്. സ്കോർ: 6-7 (4), 6-4, 6-4, 6-4. മൂന്നു മണിക്കൂറും 23 മിനിട്ടും നീണ്ടു നിന്ന പോരാട്ടത്തിൽ ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് ജോക്കോവിച്ച് തിരിച്ചുവന്നത്. 2021-ൽ നടന്ന ഗ്രാൻസ്ലാം ടൂർണമെന്റുകളിൽ താരത്തിന്റെ 21-ാം ജയവുമാണിത്.ഈ വർഷത്തെ മൂന്നാം ഗ്രാൻസ്ളാം കിരീടവും.
കഴിഞ്ഞ മാസം ഫ്രഞ്ച് ഓപ്പണിൽ ഗ്രീക്ക് താരം സിസ്റ്റിപ്പാസിനെ അഞ്ചുസെറ്റ് പോരാട്ടത്തിൽ കീഴടക്കിയാണ് നൊവാക്ക് തന്റെ 19-ാം ഗ്രാൻസ്ളാം കിരീടം നേടിയത്. നൊവാക്കിന്റെ കരിയറിലെ രണ്ടാമത്തെ മാത്രം ഫ്രഞ്ച് ഓപ്പൺ കിരീടമായിരുന്നു ഇത്. 2016ലായിരുന്നു ആദ്യത്തേത്. പുതിയ നൂറ്റാണ്ടിൽ സാക്ഷാൽ നദാൽ അല്ലാതെ രണ്ട് തവണ ഫ്രഞ്ച് ഓപ്പൺ നേടുന്ന ആദ്യ താരമാണ് നൊവാക്ക്. റൊളാംഗ് ഗാരോസിൽ റാഫയെ രണ്ട് തവണ തോൽപ്പിച്ച ഏകയാൾ എന്ന ബഹുമതിയും ഈ സെർബിയക്കാരന്റെ തോളത്തെ നക്ഷത്രംപോലെ തിളങ്ങുന്നു. ഇത്തവണ ഫൈനലിനേക്കാൾ വലിയ വിജയം നൊവാക്ക് സെമിയിലാണ് നേടിയത്, റാഫയ്ക്ക് എതിരെ. കരിയറിൽ രണ്ട് തവണവീതം എല്ലാ ഗ്രാൻസ്ളാം കിരീടങ്ങളും നേടാൻ നൊവാക്കിന് മാത്രമേ കഴിഞ്ഞിട്ടുമുള്ളൂ.