ചെന്നെെ: സംസ്ഥാനത്തെ മാദ്ധ്യമങ്ങൾ ആറു മാസത്തിനുളളിൽ ബി.ജെ.പിയുടെ നിയന്ത്രണത്തിലാകുമെന്ന വിവാദ പ്രസ്താവനയുമായി തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷൻ കെ. അണ്ണാമലെെ. എല്ലാ മാദ്ധ്യമങ്ങളും തന്റെ മുൻഗാമിയായ എൽ. മുരുകന്റെ കീഴിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാടില്‍ ബി.ജെ.പിയുടെ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അണ്ണാമലെെ.
മാദ്ധ്യമങ്ങളെക്കുറിച്ച് മറക്കുക, അവർ നമ്മെക്കുറിച്ച് തെറ്റായ വാർത്തകൾ നൽകുന്നതിനെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ടെന്നും അണ്ണാമലെെ പറഞ്ഞു. അടുത്ത ആറു മാസത്തിനുള്ളിൽ മാദ്ധ്യമങ്ങളെ നമ്മുടെ നിയന്ത്രണത്തിലാക്കാനും അവയെ ഏറ്റെടുക്കാനും കഴിയുമെന്ന് നിങ്ങൾ കാണും. ഒന്നിനെക്കുറിച്ചും വിഷമിക്കേണ്ട. തെറ്റായ വാർത്തകൾ തുടർച്ചയായി പ്രചരിപ്പിക്കാൻ ഒരു മാദ്ധ്യമത്തിനും കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എൽ. മുരുകൻ കേന്ദ്ര വാർത്താ പ്രക്ഷേപണ സഹമന്ത്രിയാണ്. എല്ലാ മാദ്ധ്യമങ്ങളും അദ്ദേഹത്തിന്റെ കീഴിൽ വരുന്നു. തെറ്റായ വാർത്തകൾ തുടർച്ചയായി പ്രക്ഷേപിക്കാൻ മാദ്ധ്യമങ്ങൾക്ക് കഴിയില്ല. അത്തരം വാർത്തകൾ രാഷ്ട്രീയത്തിന് ഉപയോഗിക്കാൻ കഴിയില്ലെന്നും അണ്ണാമലെെ കൂട്ടിച്ചേർത്തു.
അതേസമയം, അണ്ണാമലെെയുടെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് വിവരസാങ്കേതിക മന്ത്രി മനോ തങ്കരാജ് രംഗത്തെത്തി. മാദ്ധ്യമങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കണമെന്നും അതിനുള്ള സ്വാതന്ത്ര്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തം അവർക്കുണ്ട്. മാദ്ധ്യമങ്ങളെ ഒരു കക്ഷിക്ക് അനുകൂലമായിരിക്കാൻ നിർബന്ധിക്കുന്നതിനുള്ള മാർഗമായി അണ്ണാമലൈയുടെ പരാമർശങ്ങളെ കാണുന്നതായും തങ്കരാജ് പ്രതികരിച്ചു.