തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ സമയം കടകൾ തുറന്നുപ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും വ്യാപാരി നേതാക്കളും ഇന്ന് ചര്‍ച്ച നടത്തും. ഓണം, ബക്രീദ് വിപണികള്‍ മുന്നില്‍ കണ്ട് നിയന്ത്രണങ്ങളിൽ ഇളവുകള്‍ ലഭിക്കുമെന്നാണ് സൂചന. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വ്യാപാരി നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിപ്പു ലഭിച്ചിട്ടുണ്ട്.
എന്നാൽ, സമരം പൊടുന്നനെ പിൻവലിച്ചതിൽ വ്യാപാരികൾക്കിടയിൽ അതൃപ്തിയുള്ളതായാണ് സൂചന. വ്യാപാരി നേതാക്കളോടോ മറ്റു സംഘടനകളോടോ ആലോചിക്കാതെ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി.നസിറുദ്ദീൻ ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നുവെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് എല്ലാ ദിവസവും വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്ന കാര്യത്തിൽ സർക്കാരിന്റെ നയതീരുമാനം ഉണ്ടാവണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കച്ചവട സ്ഥാപനങ്ങൾ തുറക്കുകയെന്നത് ഗൗരവമുള്ള വിഷയമാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കാൻ സ്ഥാപനങ്ങളെ അനുവദിക്കണം. നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്നു കണ്ടാൽ അത്തരം സ്ഥാപനങ്ങൾ അടപ്പിക്കണം. ഒരുപരിധിവരെ ഇതിനായി പൊലീസിന്റെ ഇടപെടൽ വേണ്ടിവരുമെന്നും സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു.
സംസ്ഥാനത്തെ വസ്ത്രവ്യാപാര ശാലകളും ജുവലറികളും എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേരള ടെക്‌സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. കൃഷ്‌ണൻ, നവാബ് ജാൻ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ. രവി ഇക്കാര്യം പറഞ്ഞത്. എല്ലാ ദിവസവും കടകൾ തുറക്കാനാണ് ഐ.എം.എയുടെ ശുപാർശയെന്നും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ ദുരന്ത നിവാരണ അതോറിട്ടിയടക്കമുള്ള വിദഗ്ദ്ധ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി. തുടർന്ന് സർക്കാരിന്റെ വിശദീകരണം തേടി ഹർജി 22 ലേക്ക് മാറ്റി.