കൊല്ലം: കുണ്ടറ പെരുമ്പുഴയിൽ കിണർ കുഴിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട തൊഴിലാളിയും രക്ഷിക്കാനിറങ്ങിയ മൂന്ന് തൊഴിലാളികളും ശ്വാസം കിട്ടാതെ മരിച്ച സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്.
വെള്ളിമൺ ചിറക്കോണം വയലിൽതറ പുത്തൻവീട്ടിൽ സോമരാജൻ (56), പെരുമ്പുഴ കുരീപ്പള്ളി തൈക്കാവുമുക്ക് പണയിൽ വീട്ടിൽ മനോജ് (32), പെരുമ്പുഴ പുനക്കന്നൂർ പുന്നവിള വീട്ടിൽ രാജൻ (36), ചിറയടി മച്ചത്ത് തൊടിയിൽ വീട്ടിൽ ശിവദാസന്റെയും ആനന്ദവല്ലിയുടെയും മകൻ ശിവപ്രസാദ് (വാവ, 25) എന്നിവരാണ് മരിച്ചത്. പെരുമ്പുഴ കോവിൽമുക്കിൽ ഇന്നലെ രാവിലെ 11ഓടെ കൊല്ലം സ്വദേശിയുടെ പുരയിടത്തിലായിരുന്നു ദുരന്തം.
കിണർ നിർമാണത്തിനു നേതൃത്വം നൽകിയിരുന്ന സോമരാജന്റെ മകനായ ശ്രാവൺ അച്ഛനൊപ്പം സഹായിയായി പോയിരുന്നു. അപകടത്തിന്റെ തുടക്കം മുതൽ ദൃക്സാക്ഷിയായ ശ്രാവൺ ദുരന്തനിമിഷങ്ങൾ ഓർത്തെടുത്തപ്പോൾ പലപ്പോഴും വിങ്ങി.
‘11 മണിക്കു കാപ്പി കുടിച്ച ശേഷം വീണ്ടും ജോലിക്ക് ഇറങ്ങിയതായിരുന്നു ഞങ്ങൾ. മനോജും ശിവപ്രസാദും കിണറിന്റെ അടിയിൽ നിന്ന് ചെളി കോരുകയായിരുന്നു.
ഞാനും അച്ഛനും മുകളിൽനിന്ന് അതു വലിച്ചു കയറ്റിക്കൊണ്ടിരുന്നു. പെട്ടെന്നാണ് ഉറവ പൊട്ടിയത്. കിണറ്റിൽ നിന്ന് വലിയൊരു ശബ്ദം കേട്ടു. ഇങ്ങനെ ശബ്ദത്തോടെ ഉറവ പൊട്ടുമ്പോൾ വിഷവാതകം പ്രവഹിക്കുമെന്ന് കേട്ടിട്ടുണ്ട്. കിണറ്റിലാകെ ഒരു മൂളലായിരുന്നു പിന്നീട്. അതുകൊണ്ട് താഴെയുള്ളവർ പറയുന്നതൊന്നും കേൾക്കാൻ സാധിച്ചില്ല. ‘ഉറവ പൊട്ടിയ സ്ഥലം മണ്ണു വീണ് മൂടാതിരിക്കാൻ മനോജ് കാലുകൊണ്ട് ആ ഭാഗം ചവിട്ടിപ്പിടിച്ചിരുന്നു. പിന്നീട് ശിവപ്രസാദ് മുകളിലേക്കു കയറിൽ പിടിച്ചു കയറി വരുന്നതിനിടെ കുഴഞ്ഞു താഴെവീണു. മനോജിന്റെ മുകളിലൂടെയാണ് വീണതെന്നു തോന്നുന്നു. വിളിച്ചിട്ടു മറുപടിയില്ല.
പ്രയാസപ്പെട്ട് ശ്വാസമെടുക്കുന്നതു പോലെ ശബ്ദം കേൾക്കാമായിരുന്നു. ഉടൻ അച്ഛൻ കിണറ്റിലേക്ക് ഇറങ്ങി. താഴെച്ചെന്ന് അവരുടെ ദേഹത്ത് ഒന്നു തൊട്ടിട്ട്, അച്ഛൻ അവിടെ ഇരിക്കുന്നതു പോലെയാണു തോന്നിയത്.‘ശിവപ്രസാദിന് വീണു പരുക്കേറ്റതു കൊണ്ട് അച്ഛനും മനോജും അവന്റെയടുത്ത് ഇരുന്ന് കരയുകയാണെന്നു ഞാൻ വിചാരിച്ചു. ഭയന്നുപോയ ഞാൻ രാജനെ ഫോണിൽ വിളിച്ചു. ‘അവർ മൂന്നുപേരും കിണറ്റിന് അടിയിലാണെന്നും ഒന്നും മിണ്ടുന്നില്ലെന്നും പറഞ്ഞു. രാജൻ ബൈക്കിൽ പാഞ്ഞെത്തി. വേഗത്തിൽ കിണറ്റിലേക്ക് ഇറങ്ങി. ഏറ്റവും താഴെച്ചെന്നപ്പോൾ ഇനി പതുക്കെ ഇറക്കിയാൽ മതിയെന്നു പറയുന്നതാണ് ഞാൻ കിണറ്റിൽനിന്ന് അവസാനം കേട്ട ശബ്ദം.
രക്ഷാ പ്രവർത്തകനും ബോധക്ഷയം
കിണറിനുള്ളിൽ കഷ്ടിച്ച് ഒരാൾക്ക് നിൽക്കാനേ ഇടമുള്ളൂ. ഓരോരുത്തരെയായി കയറിൽ കൊരുത്ത് പുറത്തെടുക്കാൻ ശ്വസനോപകരണങ്ങൾ ധരിച്ച് ഓരോ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ വീതം കിണറ്റിലിറങ്ങി.
നാലാമത്തെയാളെ പുറത്തെടുക്കാൻ ഇറങ്ങിയ ഉദ്യോഗസ്ഥൻ ശ്വാസതടസം നേരിട്ടതിനെ തുടർന്ന് തിരികെക്കയറി. പകരം ഇറങ്ങിയ കടപ്പാക്കട ഫയർസ്റ്റേഷനിലെ ഫയർമാനായ വർണിനാഥിന് നാലാമത്തെയാളുടെ ശരീരം കയറിൽ കൊരുത്ത ശേഷം മുകളിലേക്ക് വരുന്നതിനിടെ ബോധം നഷ്ടപ്പെട്ടു. കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിൽ ബോധം തിരിച്ചുകിട്ടി.