mayookha-johny

കൊച്ചി:സുഹൃത്തിന്റെ പീഡനപരാതി ഉന്നയിച്ച ഒളിമ്പ്യൻ മയൂഖ ജോണിക്കെതിരെ പൊലീസ് കേസെടുത്തു. സുഹൃത്തിന് നേരിടേണ്ടി വന്ന ബലാത്സംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് അപകീർത്തിക്കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂർ പൊലീസാണ് കേസെടുത്തത്.

മയൂഖ ജോണി അടക്കം 10 പേർക്കെതിരെയാണ് കേസ്. മുരിയാട് എംപറർ ഇമ്മാനുവൽ പ്രസ്ഥാനത്തിന്റെ പരമാധികാരി നിഷ സെബാസ്റ്റ്യൻ, ട്രസ്റ്റിമാരായ ഉമേഷ് ജോസ്, നവീൻ പോൾ, പി.പി.ഷാന്റോ എന്നിവർക്കും മറ്റ് 6 പേർക്കും എതിരെ കേസെടുക്കാനാണ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നിർദേശിച്ചത്.

ഇവിടെ ട്രസ്റ്റി ആയിരുന്ന സാബു നൽകിയ പരാതിയിലാണ് ഉത്തരവ്. മയൂഖ ജോണിയുടെ വീട്ടിൽ താൻ ഭീഷണി നോട്ടിസ് കൊണ്ടുപോയിട്ടുണ്ട് എന്നാരോപിച്ചത് അപകീർത്തികരമാണെന്നും നേരത്തെ ട്രസ്റ്റി ആയിരുന്ന ജോൺസൺ മറ്റൊരു യുവതിയെ മാനഭംഗം നടത്തിയതായി വ്യാജരേഖ കെട്ടിച്ചമച്ചാണു പരാതി നൽ‌കിയതെന്നും സാബു ആരോപിച്ചു.

അതേസമയം, മയൂഖയുടേയും കൂട്ടരുടേയും പരാതികളിൽ എതിർ സംഘത്തിന് എതിരെ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. നിലവിൽ ഈ കേസുകളുടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. മൂന്നു കേസുകളും ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുമുണ്ട്.

2016-ലാണ് കേസിന് ആസ്പദമായ സംഭവം. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്‍സണ്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തെന്നാണ് പരാതി. അന്ന് അവിവാഹിതയായതിനാല്‍ പൊലീസില്‍ പരാതി നല്‍കിയില്ല. 2018-ല്‍ പെണ്‍കുട്ടി വിവാഹിതയായ ശേഷവും പ്രതി ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തു. തുര്‍ന്ന് ഭര്‍ത്താവിന്‍റെ നിര്‍ദേശപ്രകാരം 2021 മാര്‍ച്ചിലാണ് പരാതി നല്‍കിയത്. ചാലക്കുടി മജിസ്ട്രേറ്റ് ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. എന്നാല്‍ പ്രതിയുടെ അറസ്റ്റ് ഇതുവരെ ഉണ്ടായില്ല. പ്രതിയ്ക്കു വേണ്ടി മന്ത്രിതലത്തില്‍ വരെ ഇടപെടലുണ്ടായെന്നും കേസെടുക്കാതിരിക്കാൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷയായിരുന്ന എം സി ജോസഫൈൻ ഇടപെട്ടുവെന്നും ഗുരുതരമായ ആരോപണങ്ങളും മയൂഖ തൃശ്ശൂരിലെത്തി നടത്തിയ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചിരുന്നു.