police

ചെങ്ങന്നൂർ: ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, റെയിൽവേ എന്നിവിടങ്ങളിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നായി കോടികൾ തട്ടിയെടുത്ത കേസിൽ മുൻ ബി ജെ പി നേതാവുൾപ്പടെ രണ്ടുപേർ കീഴടങ്ങി. ബി ജെ പി മുളക്കുഴ പഞ്ചായത്ത് മുൻ പ്രസിഡന്റും ഹിന്ദു ഐക്യവേദി മുൻ ജില്ലാ സെക്രട്ടറിയുമായ മുളക്കുഴ കാരയ്ക്കാട് മലയിൽ സനു എൻ നായർ, ബുധനൂർ തഴുവേലിൽ രാജേഷ് കുമാർ എന്നിവരാണ് ചെങ്ങന്നൂർ പൊലീസിൽ കീഴടങ്ങിയത്.

പത്തനംതിട്ട കല്ലറക്കടവ് മാമ്പറ നിതിൻ ജി. കൃഷ്ണയുടെയും സഹോദരന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് സനു, രാജേഷ് കുമാർ, എറണാകുളം തൈക്കുടം വൈറ്റില മുണ്ടേലി നടയ്ക്കാവിൽ വീട്ടിൽ ലെനിൻ മാത്യു എന്നിവർക്കെതിരെ കേസെടുത്തത്. 35 പേരിൽ നിന്നായി നാലു കോടിയോളം രൂപ തട്ടിയെടുത്തതായാണ് സൂചന. മുതിർന്ന ബി.ജെ.പി. നേതാക്കളുടെ വിശ്വസ്തനാണ് താനെന്നാണ് സനു പറഞ്ഞിരുന്നത്. എഫ് സി ഐ കേന്ദ്ര ബോർഡംഗമെന്ന നിലയിലാണ് ലെനിൻ മാത്യുവിനെ പരിചയപ്പെടുത്തിയത്. കോർപ്പറേഷന്റെ ബോർഡോടുവച്ച കാറിലാണ് ഉദ്യോഗാർത്ഥികളെ സമീപിച്ചിരുന്നത്.

ബി.ജെ.പിയുടെ കേന്ദ്ര മന്ത്രിമാരോടും നേതാക്കളോടുമൊപ്പം നിൽക്കുന്ന ഫോട്ടോകൾ കാണിച്ച് വിശ്വാസ്യത ഉറപ്പുവരുത്തിയിരുന്നു. 10 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെയാണ് ഒരോരുത്തരിൽ നിന്നും കൈപ്പറ്റിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അഭിമുഖത്തിന്റെ പേരിൽ ഉദ്യോഗാർത്ഥികളെ ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലെ എഫ്.സി.ഐ. ഓഫീസുകൾക്ക് സമീപമുള്ള ഹോട്ടലുകളിൽ താമസിപ്പിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി കിട്ടാതായതോടെ പണം നഷ്ടമായവർ പരാതിപ്പെടുകയായിരുന്നു. പണം തിരികെ ചോദിച്ചവരെ ഭീഷണപ്പെടുത്തിയതായും പരാതിയുണ്ട്. സനുവിന്റെ ആഡംബര കാർ കാരയ്ക്കാട്ടെ ഒരു വീട്ടിൽ നിന്ന് പൊലീസ് നേരത്തെ പിടിച്ചെടുത്തിരുന്നു.