police

തിരുവനന്തപുരം: പൊലീസിനുനേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാം പൊലീസിനുനേരെ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ആക്രമണമുണ്ടായത്. പൊലീസിനുനേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഘം ജീപ്പ് പൂർണമായും അടിച്ചു തകർക്കുകയായിരുന്നു.സംഭവത്തിൽ സി പി ഒ ടിനോ ജോസഫിന് പരിക്കേറ്റു. പൊലീസിനുനേരെ കല്ലേറും ഉണ്ടായി. ഒരു വീടിനുനേരെയും ആക്രമണമുണ്ടായി.

വ്ളാവട്ടി നെല്ലിക്കുന്ന് കോളനിയിലാണ് സംഭവം. ഇവിടെ കുറച്ചുനാളായി കഞ്ചാവ് മാഫിയ വിലസുകയായിരുന്നു. പുറത്തുനിന്നുള്ളവരായിരുന്നു ഇതിൽ കൂടുതലും. കഴിഞ്ഞദിവസം പ്രദേശവാസിയായ ഒരു യുവാവിനെ മാഫിയാ സംഘത്തിൽപ്പെട്ട ചിലർ മർദ്ദിച്ചു. ഇതിന് നേതൃത്വം നൽകിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മർദ്ദനത്തെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് പട്രോളിംഗ് സംഘം ഇവിടെയെത്തിയത്. പൊലീസിനെ കണ്ടയുടൻ ജീപ്പിനുനേരെ പെട്രോൾ ബോംബും കല്ലുകളും വലിച്ചെറിയുകായിരുന്നു. പിന്നീട് ജീപ്പും അടിച്ചുതകർത്തു. ഇതിനുശേഷം പ്രതികൾ വനത്തിൽ ഒളിച്ചു.

കഞ്ചാവ് മാഫിയയെക്കുറിച്ച് പൊലീസിന് വിവരം നൽകി എന്നാരോപിച്ചാണ് പ്രദേശവാസിയായ സജി എന്നയാളുടെ വീട് തകർത്തത്. വീട്ടിനുമുന്നിലുണ്ടായിരുന്ന ബൈക്കുകളും തകർത്തിട്ടുണ്ട്. പ്രതികൾക്കുവേണ്ടി പൊലീസ് തിരച്ചിലാരംഭിച്ചു. കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.