തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലം മുതൽ ആരംഭിച്ച എൽ ഡി എഫ്- എൻ ഡി എ കൂട്ടുകെട്ടിന്‍റെ ഭാഗമായാണ് കൊടകര കുഴൽപ്പണ കേസ് ഇപ്പോൾ ഒത്തുതീർപ്പിലെത്തിക്കാനുള്ള ശ്രമമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഒരു കാരണവശാലും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
69 നിയോജക മണ്ഡലങ്ങളിലാണ് ബി ജെ പിയുടെ വോട്ട് സി പി എമ്മിനും എൽ ഡി എഫിനും മറിച്ചു നൽകിയത്. എൻ ഡി എയിലെ മറ്റ് ഘടകക്ഷികളുടെ വോട്ടും മറിച്ചു നൽകിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കളാരും പ്രതികളാകില്ലെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. കെ സുരേന്ദ്രൻ ഉൾപ്പടെ ബി ജെ പി നേതാക്കൾ ആരേയും പ്രതികളാക്കേണ്ടയെന്നാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. നേതാക്കളെ സാക്ഷികളാക്കണമോയെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.