മുംബയ്: ദീർഘകാലമായി ശാരീരിക അസ്വസ്ഥതകളാൽ ബുദ്ധിമുട്ടുകയായിരുന്ന മുതിർന്ന ബോളിവുഡ് അഭിനേത്രി സുരേഖ സിക്രി അന്തരിച്ചു. 75 വയസായിരുന്നു. 2018ൽ പക്ഷാഘാതം വന്നതിനെ തുടർന്ന് ചികിത്സയിലായിരുന്ന സുരേഖ കഴിഞ്ഞ വർഷം മസ്തിഷ്കാഘാതം വന്നതിനു ശേഷം ഗുരുതരാവസ്ഥയിലായിരുന്നു. മൂന്ന് തവണ ദേശീയ അവാർഡ് നേടിയിട്ടുണ്ട്. "സുരേഖ സിക്രി ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. രണ്ടാമത്തെ മസ്തിഷ്കാഘാതം മൂലമുണ്ടായ സങ്കീർണതകൾ കാരണം കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. മരണസമയത്ത് കുടുംബവും പരിചാരകരും ഒപ്പമുണ്ടായിരുന്നു," മാദ്ധ്യമങ്ങൾക്കു നൽകിയ പത്രകുറിപ്പിൽ പറഞ്ഞു.
1978 ൽ കിസ്സ കുർസി കാ എന്ന ചിത്രത്തിലൂടെയാണ് സുരേഖ സിക്രി അഭിനയരംഗത്തുള്ള തന്റെ അരങ്ങേറ്റം കുറിച്ചത്. ബാലിക വധു, ബദായ് ഹോ, ഏക് താ രാജ ഏക് തി റാണി, പർദെസ് മെൻ ഹായ് മേര ദിൽ, ഇന്ദുമതി ലാല മെഹ്‌റ, മഹാ കുംഭ്: ഏക് രഹസായ, ഏക് കഹാനി, സാത് പെരെ - സലോനി കാ സഫർ, ബനേഗി അപ്നി ബാത്ത്, കേസർ, കെകെന ഹായ് കുച്ച് മുജ്കോ, സാഹർ, സമയ്, സിഐഡി, ജസ്റ്റ് മൊഹബത്ത് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സോയ അക്തർ സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സിന്റെ ആന്തോളജി ഗോസ്റ്റ് സ്റ്റോറികളിലാണ് സുരേഖ അവസാനമായി അഭിനയിച്ചത്.