choksi

ന്യൂഡൽഹി: വിചാരണ നേരിടാൻ ഇന്ത്യയിലെത്തിയാൽ തന്റെ സുരക്ഷയെ കുറിച്ചോർത്ത് ഭയം തോന്നുന്നതായി 13,500 കോടിയുടെ ബാങ്ക് വായ്‌പ തട്ടിപ്പ് കേസിൽ പിടികിട്ടാപ്പുള‌ളിയായ മെഹുൽ ചോക്‌സി. ഡൊമിനിക്കയിലെ തടവിൽ നിന്ന് മോചിതനായി ആന്റിഗ്വയിൽ തിരികെയെത്തിയ ശേഷം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് ഇയാൾ ഇന്ത്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളോടെ പ്രതികരിച്ചത്.

'ഇന്ത്യയിൽ തിരികെയെത്തി എന്റെ നിരപരാധിത്വം തെളിയിക്കണമെന്ന്ഞാൻ ഗൗരവമായി ആലോചിച്ചിരുന്നു. എന്നാലിപ്പോൾ ഇന്ത്യയിലെ എന്റെ സുരക്ഷിതത്വത്തെകുറിച്ച് ഞാൻ അത്യന്തം ഭയപ്പെടുന്നു. എന്റെ ആരോഗ്യനില കഴിഞ്ഞ 50 ദിവസങ്ങളിൽ വളരെയധികം വഷളായി. ഇന്ത്യൻ ഏജൻസികളുടെ പെരുമാറ്റം മനുഷ്യത്വ രഹിതമായിരുന്നു. ശാരീരികവും മാനസികവുമായി പഴയ അവസ്ഥയിലേക്ക് എനിക്ക് മടങ്ങിയെത്താനാകുമോയെന്ന് അറിയില്ല.' ചോക്‌സി വീഡിയോയിൽ പറയുന്നു.

താൻ വീട്ടിൽ മടങ്ങിയെത്തിയെങ്കിലും ഇന്ത്യൻ ഏജൻസികൾ നടത്തിയ തട്ടിക്കൊണ്ട് പോകലിൽ മാനസികവും ശാരീരികവുമായും മുറിവേൽപ്പിച്ചു. ഏറ്റവും ആഴത്തിൽ മുറിവേറ്റത് ആത്മാവിനാണെന്നും ചോക്‌സി പറയുന്നു. ആന്റിഗ്വൻ പൗരത്വമുള‌ള ചോക്‌സിയെ തിരികെ കൊണ്ടുവരാൻ ഇന്ത്യ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ മേയ് 25ന് കാണാതായത്. തുടർന്ന് അടുത്തുള‌ള കരീബിയൻ രാജ്യമായ ഡൊമിനിക്കയിൽ ഇയാൾ അനധികൃതമായി പ്രവേശിച്ചതിന് അറസ്‌റ്റിലാകുകയായിരുന്നു.

എന്നാൽ തന്നെ ബലമായി തട്ടിക്കൊണ്ടുവന്നതാണെന്നാണ് പിടിയിലായപ്പോഴെല്ലാം ചോക്‌സി വാദിച്ചത്. 'ആന്റിഗ്വയിൽ നിയമപരമായി ഞാൻ ജീവിക്കുമ്പോൾ ഇന്ത്യ എന്റെ ബിസിനസ് തകർത്ത് സ്വത്തുക്കൾ പിടിച്ചെടുത്ത് ഇത്തരത്തിൽ എന്നോട് പെരുമാറുമെന്ന് സങ്കൽപത്തിൽ കൂടി ഉണ്ടായിരുന്നില്ല.' ചോക്‌സി വീഡിയോയിൽ പറയുന്നു.

അൻപത് ദിവസത്തോളമാണ് ആന്റിഗ്വയിലെ ജയിലിൽ ചോക്‌സി കഴിഞ്ഞത്. ഇന്ത്യ നടത്തുന്ന അന്വേഷണത്തോടും ചോദ്യം ചെയ്യലിനോടും സഹകരിച്ചിട്ടുണ്ടെന്നാണ് ചോക്‌സി വാദിക്കുന്നത്. മരുമകൻ നീരവ് മോദിയോടൊപ്പമാണ് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടിയുടെ വായ്‌പാ തട്ടിപ്പ് ഇയാൾ നടത്തിയത്.